Karnool Bus Fire| കര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേര്‍ക്ക് ദാരുണാന്ത്യം; വന്‍ ദുരന്തം

Jaihind News Bureau
Friday, October 24, 2025

ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വന്‍ ദുരന്തം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം അപകടത്തില്‍ 20 യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3:30 ഓടെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.

അപകടസമയത്ത് ബസില്‍ ഏകദേശം 42 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. തീ അതിവേഗം ബസിലേക്ക് പടര്‍ന്നതോടെ യാത്രക്കാര്‍ക്ക് പുറത്തുകടക്കാന്‍ സാധിച്ചില്ല. എന്നാല്‍, ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 15 ഓളം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ ഉടന്‍ തന്നെ കര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടമറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ തീ അണയ്ക്കാന്‍ ശ്രമിച്ചത്. എങ്കിലും, അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. അപകടത്തില്‍ എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.