തൃശൂരിലെ 20 കോടിയുടെ തട്ടിപ്പ്; ധന്യ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്; കുഴൽപ്പണ ഇടപാടുണ്ടോയെന്ന് പരിശോധിക്കും

 

തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയ പ്രതി ധന്യ മോഹനന് കുഴൽപ്പണ ഇടപാടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. ഭർത്താവിന്‍റെ എൻആർഐ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. ധന്യയുടെ പേരിൽ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും ആകെ പണം കൈമാറ്റം നടന്ന എട്ട് അക്കൗണ്ടിലേക്ക് 8000 ഇടപാട് നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതി ധന്യ ഇന്നലെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു. തൃശൂര്‍ വലപ്പാടുള്ള ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹനന്‍. ഇവര്‍ 2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കുറ്റം ചെയ്തോ എന്ന ചോദ്യത്തോട് ഇന്നലെ ‘എന്‍റെ ഈ ബാഗ് മുഴുവൻ കാശാണ്. നിങ്ങൾ വന്ന് എടുത്തോളൂ’ എന്ന് പറഞ്ഞ് ധന്യ തട്ടിക്കയറിയിരുന്നു.

20 കോടിയോളം രൂപ തട്ടിയെടുത്ത് അച്ഛന്‍റെയും സഹോദരന്‍റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവര്‍ മാറ്റിയതായാണ് പരാതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും ആഢംബര ജീവിതം നയിച്ചതായും കണ്ടെത്തിയിരുന്നു. ഇവർ ഓൺലൈൻ റമ്മിക്കടിമയാണെന്നും പോലീസ് കണ്ടെത്തി.

Comments (0)
Add Comment