സൗദി, യുഎഇ ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങള്‍, ഖത്തറിന് എതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് രണ്ട് വയസ് പൂര്‍ത്തിയായി. അതേസമയം, ഉപരോധം പിന്‍വലിക്കാനുള്ള പരിഹാര ശ്രമങ്ങള്‍ ഇനിയും നീളുകയാണ്.
ഖത്തറിന് എതിരെ, കര, വ്യോമ, നാവിക പാതകളെല്ലാം അടച്ചുകൊണ്ട് 2017 ജൂണ്‍ അഞ്ചിനാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷം പിന്നിടുമ്പോഴും പരിഹാരസാധ്യതകള്‍ അനന്തമായി നീളുകയാണ്. സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത്ത് തുടങ്ങിയ അയല്‍ രാജ്യങ്ങളാണ് ഈ ഉപരോധത്തിന് ചുക്കാന്‍ പിടിച്ചത്. ഉപരോധം പിന്‍വലിക്കാന്‍ പതിമൂന്ന് നിബന്ധനകള്‍, സൗദി നയിക്കുന്ന സഖ്യരാജ്യങ്ങള്‍ ഖത്തറിന് മുന്നില്‍ അന്ന് വെച്ചിരുന്നു. ഭീകരവാദ സംഘടനകള്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കുക, അല്‍ജസീറ ടെലിവിഷന്‍ ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ഇതില്‍ പ്രധാനപ്പെട്ട നിബന്ധനകള്‍. എന്നാല്‍, ആരോപണങ്ങളെല്ലാം നിഷേധിച്ച ഖത്തര്‍, ഇതിലെ ഒരു ഉപാധികളും അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ, ഖത്തര്‍ പ്രതിസന്ധി രൂക്ഷമായി. മാത്രവുല്ല, സമീപ രാജ്യങ്ങളില്‍ നിന്ന്, ഖത്തറിലേക്കുള്ള ഭക്ഷ്യോല്‍പ്പന്ന ഇറക്കുമതിയും ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു. ഇതും ഈ മേഖലയില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കി. എന്നാല്‍, ഖത്തര്‍, ഈ വെല്ലുവിളി ഏറ്റെടുത്ത്, പാലിന്‍റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തില്‍, സ്വയം പര്യാപ്തത കൈവരിച്ചു. ഇതോടെ, തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഖത്തറിന്റെ സമ്പദ്‌രംഗം തിരിച്ചുവന്നു.
ഇതിനിടെ, ഇക്കഴിഞ്ഞ ദിവസം സൗദിയിലെ മക്കയില്‍ നടന്ന ജി.സി.സി യോഗത്തില്‍, സൗദി രാജാവിന്‍റെ ക്ഷണം അനുസരിച്ച് ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. എന്നാല്‍, ഖത്തറിനെതിരെയുള്ള ഉപരോധ വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്ക് വന്നില്ല. ഇതോടെ, ഈ ചെറിയ പെരുന്നാളിന് , വലിയ മഞ്ഞുരുകല്‍ ഉണ്ടാകുമെന്ന അവസാന പ്രതീക്ഷകളും അസ്തമിച്ചു. തര്‍ക്കം തീര്‍ക്കാന്‍ കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളും ഇതുവരെയും ഫലം കണ്ടിട്ടില്ല. ഇപ്പോള്‍, ഉപരോധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍, ഇനി എന്ത് എന്ന ചോദ്യവും ഉയരുകയാണ്.