മാവേലിക്കരയില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു

Jaihind Webdesk
Friday, June 28, 2024

 

ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു. മാവേലിക്കര വഴുവാടിയിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിന്‍റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണാണ് രണ്ടുപേർ മരിച്ചത്. നിർമ്മാണ ജോലിയില്‍ ഏർപ്പെട്ടിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ (കൊച്ചുമോൻ – 50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്. നിർമ്മാണത്തിലിരുന്ന കാർ പോർച്ചിന്‍റെ തട്ട് പൊളിക്കുമ്പോഴാണ് അപകടം.

വൈകുന്നേരം രണ്ടരയോടെയാണ് ദാരുണമായ അപകടം നടന്നത്. വീടിനോട് ചേർന്ന് പുതുതായി നിർമ്മിക്കുന്ന കാർ പോർച്ചിന്‍റെ തട്ട് പൊളിക്കാനാണ് നിർമ്മാണ തൊഴിലാളികൾ എത്തിയത്. കഴിഞ്ഞ ദിവസമാണ കാർ പോർച്ചിന്‍റെ മുകൾ ഭാഗം കോണ്‍ക്രീറ്റ് ചെയ്‌തത്‌. തട്ട് പൊളിക്കാൻ തൊഴിലാളികൾ മുകളിലേക്ക് കയറിയ സമയം മേൽക്കൂര തകർന്നു. ഇതോടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ചാടി രക്ഷപ്പെട്ടു. എന്നാൽ മേൽക്കൂരയ്ക്ക് അടിയിൽപ്പെട്ടു പോയ ആനന്ദനും സുരേഷും തൽക്ഷണം മരിച്ചു. നിർമ്മാണ ജോലിയിലുണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ, ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് എന്നിവരാണ് മരിച്ചത്.