അഭിമുഖ സമയത്ത് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായത് 2 പേർ; പിആർ പ്രതിനിധി! സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്‍റെ മകന്‍ ടി.ഡി.സുബ്രഹ്മണ്യൻ

Jaihind Webdesk
Wednesday, October 2, 2024

 

കോട്ടയം: മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ ‘പിആർ പ്രതിനിധി’ ടി.ഡി.സുബ്രഹ്മണ്യൻ മുൻ എസ്എഫ്ഐ നേതാവും സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്‍റെ മകനും. മുഖ്യമന്ത്രിക്കെന്തിന് പിആര്‍ എന്ന ചോദ്യം സിപിഎം ഉയര്‍ത്തുമ്പോള്‍ ടോപ്പ് ക്ലയന്‍റിന്‍റെ അഭിമുഖ വേളയില്‍ സാന്നിധ്യമറിയിച്ചത് കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഒ വിനീത് ഹാന്‍ഡെ. അഭിമുഖത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ഹാന്‍ഡെക്കൊപ്പമുണ്ടായിരുന്നത് പൊളിറ്റിക്കല്‍ വിംഗില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ടി.ഡി സുബ്രഹ്മണ്യനും.

സുബ്രഹ്മണ്യനാണ് അഭിമുഖത്തില്‍ ചേര്‍ക്കേണ്ട കൂടുതല്‍ വിവരങ്ങള്‍, അതായത് മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിന്‍റേതടക്കം വിശദാംശങ്ങള്‍ ലേഖികക്ക് കൈമാറിയത്. അഭിമുഖത്തില്‍ പറയാന്‍ വിട്ടുപോയതാണെന്നും ഈ വിവരങ്ങള്‍ കൂടി വരേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞതായാണ് വിവരം. റിലയന്‍സ് കമ്പനിയില്‍ ജോലി നോക്കുന്ന സുബ്രഹ്മണ്യന് കൈസന്‍റെ ഇത്തരം പ്രോജക്ടുളുമായി സഹകരിക്കാറുണ്ടെന്നാണ് വിശദീകരണം.

ദേശീയ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ സംഘാംഗമായിരുന്ന സുബ്രഹ്മണ്യൻ വിവിധ ദേശീയ പാർട്ടികൾക്കു വേണ്ടി പ്രവർത്തിച്ചു. കേരളത്തിൽ എൽഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയെ ‘രാഷ്ട്രീയപരമായി റീബ്രാൻഡ്’ ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിച്ചതും സുബ്രഹ്മണ്യനാണ്. തുടർന്ന് പ്രശാന്ത് കിഷോറിന്‍റെ ഉടമസ്ഥതയിലുള്ള തിരഞ്ഞെടുപ്പു നയതന്ത്ര സ്ഥാപനമായ ഐ പാക്കിന്‍റെ സ്ട്രാറ്റർജി റിസർച്ച് ടീം മേധാവിയായും പ്രവര്‍ത്തിച്ചു.

അതേസമയം, ഐപാക്കിൽ പ്രവർത്തിക്കുന്ന വേളയിലെ രാഷ്ട്രീയ ബന്ധങ്ങൾ നിലനിർത്തിയ സുബ്രഹ്മണ്യൻ പല രാഷ്ട്രീയ പാർട്ടികളും ബന്ധപ്പെടാറുണ്ടെന്നാണ് അറിവ്. മുൻ ഹരിപ്പാട് എംഎൽഎയായ ടി.കെ. ദേവകുമാറിന്‍റെ മകൻ എന്ന നിലയിൽ സിപിഎം നേതാക്കളുമായി സുബ്രഹ്മണ്യന് അടുപ്പമുണ്ട്. ഈ അടുപ്പം വച്ചാണ് പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയ മുഖ്യമന്ത്രിയുടെ അഭിമുഖം ലഭിച്ചതെന്നാണ് അറിവ്.

കഴി‍ഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തും പിണറായിക്കായി ഏജൻസികൾ മാധ്യമങ്ങളെ സമീപിച്ചിരുന്നു. കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് കൈസന്‍ ഗ്രൂപ്പിന്‍റെ പ്രതികരണം. കരാറിലടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കൈസന്‍ സര്‍ക്കാര്‍ വിശദീകരിക്കട്ടയെന്നാണ് നിലപാടെടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണ്ടഭാവം നടിക്കുന്നില്ല. മലപ്പുറം പരാമര്‍ശത്തില്‍ വലിയ രീതിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോളും അതെല്ലാം അവഗണിച്ച് മുന്നോട്ട് പോവുകയാണ് പിണറായി സര്‍ക്കാര്‍.തെറ്റുകള്‍ മറച്ചുവെച്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചോടുന്ന രീതിയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.