പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗലൂരുവിൽ ഉണ്ടായ പോലീസ് വെടിവെയ്പ്പിൽ രണ്ട് പേര് കൊല്ലപ്പെട്ടു. ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഖ്നൗവിൽ ഒരാളും കൊല്ലപ്പെട്ടു. മംഗളൂരുവിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പോലീസ് വെടിവെയ്പ്പ് നടത്തിയത്. വെടിവെയ്പ്പിലും ലാത്തിച്ചാർജിലും കൂടുതൽ പേർക്ക് പരിക്കേറ്റു. നിരവധിപ്പേർ ഗുരുതര പരിക്കുകളോട് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുമ്പോൾ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കാനെത്തിയത്. കമ്മീഷണർ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാർജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടർന്നാണ് റബർ ബുള്ളറ്റിൻ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. സംഘർഷത്തിന് പിന്നാലെ മംഗലാപുരത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നാളെ രാത്രി വരെകൂടി നിരോനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.
പ്രതിഷേധത്തിനിടെ ലക്നൗവിൽ 37 വാഹനങ്ങളെങ്കിലും അഗ്നിക്കിരയാക്കിയെന്നാണ് വിവരം. മാധ്യമസ്ഥാപനങ്ങളുടെ നാല് ഓബി വാനുകളും ഇതിൽ പെടും. മൂന്ന് ബസുകളും 10 കാറുകളും 20 ബൈക്കുകളുമാണ് കത്തിച്ചത്. യുപി തലസ്ഥാനമായ ലക്നൗവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സംഘർഷം പടർന്നു. വൻതോതിൽ അക്രമങ്ങൾ അരങ്ങേറുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചെങ്കിലും പ്രതിഷേധം നിയന്ത്രിക്കാനായില്ല. ചെന്നൈയിലെ വള്ളുവർക്കോട്ടത്തും പെലീസിന്റെ വിലക്ക് മറികടന്ന 54 സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബംഗളൂരുവിൽ നിരവധി ആളുകളെ അറസ്റ്റ് ചെയ്തു. മാണ്ഡിഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ,സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ അറസ്റ്റ് ചെയ്തു. അതേസമയം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം.