രാജ്യത്ത് രണ്ട് കോവിഡ്-19 മരണങ്ങൾ കൂടി; മൂന്ന് ദിവസം കൊണ്ട് രാജ്യത്ത് പുതിയ രോഗികള്‍ ഇരിട്ടിയിൽ അധികം വർധന; കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 478 പുതിയ കേസുകള്‍

Jaihind News Bureau
Saturday, April 4, 2020

രാജ്യത്ത് രണ്ട് കോവിഡ് 19 മരണങ്ങൾ കൂടി..കർണാടകയിൽ എഴുപത്തിയഞ്ചു വയസുകാരനും, രാജസ്ഥാനിൽ 60 വയസ്സുകാരിയുമാണ് മരിച്ചത്. മൂന്ന് ദിവസം കൊണ്ട് രാജ്യത്ത് കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ ഇരിട്ടിയിൽ അധികം വർധനവാണ് ഉണ്ടായത്. ആഗ്രയിൽ 25 ഉം രാജസ്ഥാനിൽ 12 ഉം പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്.ആകെ രോഗബാധിതരുടെ എണ്ണം 2902 ആയി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് 17000 കോടിയുടെ കേന്ദ്ര സഹായത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.

കർണാടകയിലെ ബാഗൽകോട്ടിൽ 75 കാരനായ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ സംസ്ഥാനത്തെ മരണസംഖ്യ നാലായി. ഇദ്ദേഹം വ്യാപാരിയാണ് എന്നാല്‍ അടുത്തിടെ യാത്രകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.

രാജസ്ഥാനിലെ ബിക്കാനറിൽ മരിച്ച 60 കാരിയ്ക്കും യാത്രാ ചരിത്രമില്ല. സംസ്ഥാനത്ത് 12 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 191 ആയി.

സ്വദേശത്തേക്കു പോകാന്‍ ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹി ആനന്ദ് വിഹാറില്‍ തടിച്ചുകൂടിയതും നിസാമുദീനിലെ സമ്മേളനവും കൊറോണ വൈറസ് വ്യാപനം വര്‍ധിപ്പിച്ചെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.

സൈന്യത്തിന്‍റെ ആറ് കൊറോണ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്ന 403 പേരെ വിട്ടയച്ചു. മുംബൈ, ജയ്‌സാല്‍മര്‍, ജോദ്പൂര്‍, ഹിന്ദോന്‍, മനേശ്വര്‍, മുംബൈ എന്നിവിടങ്ങളിലായി ആകെ 1737 പേരാണ് നിരീക്ഷണത്തിലുള്ളത്.