ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം; 18-ന് പുതുപ്പള്ളിയിൽ

 

കോട്ടയം: ജനനായകൻ ഓർമ്മയായിട്ട് ഒരാണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം 18ന് പുതുപ്പള്ളിയിൽ നടക്കും.  ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് ജീവൻ നൽകി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന വിപുല പരിപാടികൾ പുതുപ്പള്ളി സെന്‍റ് ജോസ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

പതിനെട്ടിന് രാവിലെ പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തോട് അനുബന്ധിച്ച് കുർബാനയും, തുടർന്ന് കബറടത്തിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടക്കും. തുടർന്ന് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടി രാവിലെ 11-ന് പുതുപ്പള്ളി സെയ്ന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായവിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ദിനാചരണത്തിന്‍റെ ഭാഗമായി നടക്കും. പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളും, രാഷ്ട്രീയ നേതാക്കളും, ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ അടക്കമുള്ളവരും പങ്കെടുക്കും.

തുടർന്ന് ഉച്ചയ്ക്കുശേഷം ഡിസിസിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനവും, ഉന്നതവിജയം നേടിയവർക്കുള്ള എക്സലൻസ് അവാർഡ് വിതരണവും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി നിർവഹിക്കും. ജൂലെെ 14-ന് പുതുപ്പള്ളിയിലെ ജനങ്ങൾക്കായി ഒരുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം നടക്കും. 18ന് ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തിന്‍റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ പുഷ്പാർച്ചന നടത്തും. അതോടൊപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ വിവിധ പരിപാടികളും നടക്കും.

Comments (0)
Add Comment