1970: ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം വിജയം ; പുതുപ്പള്ളിക്ക് പുതുവസന്തം

Jaihind News Bureau
Monday, September 7, 2020

1970 സെപ്റ്റംബര്‍ 17നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടിയുടെ കന്നിമത്സരം പുതുപ്പള്ളിയില്‍ അരങ്ങേറി. അന്ന് പാര്‍ട്ടി ചിഹ്നം നല്‍കാന്‍ എത്തിയത് കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവ് പ്രഫ കെഎം ചാണ്ടി. അന്ന് അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു- ‘പുതുപ്പള്ളിയില്‍ ജയിക്കാമെന്നു കരുതണ്ടാ, രണ്ടാം സ്ഥാനത്തുവന്നാല്‍ ജയിച്ചെന്നു ഞങ്ങള്‍ കണക്കുകൂട്ടും.’ കോണ്‍ഗ്രസ് അന്നു വിഘടിച്ചു നില്‍ക്കുകയും സംഘടനാ കോണ്‍ഗ്രസ് പുതുപ്പള്ളിയില്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്ത കാലമായിരുന്നു അത്.

വാശിയേറിയ ത്രികോണ മത്സരം. മുമ്പ് രണ്ടു തവണ ജയിച്ചിട്ടുള്ള സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ ഇ.എം. ജോര്‍ജ് ആയിരുന്നു എതിരാളി. 7,288 വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി ജയിച്ചു. കെ.എം ചാണ്ടിയുടെ കണക്ക് തെറ്റി. പാര്‍ട്ടി 25,000 രൂപ തെരഞ്ഞെടുപ്പ് ഫണ്ട് നല്കിയിരുന്നു. സംഭാവനയായി 2,500 രൂപയും കിട്ടി. തെരഞ്ഞെടുപ്പിന് 25,000 രൂപയായിരുന്നു ചെലവ്. മിച്ചം വന്ന 2500 രൂപ തിരികെ ഏല്‍പ്പിച്ചെങ്കിലും അന്നത്തെ കെപിസിസി പ്രസിഡന്‍റ് കെ.കെ വിശ്വനാഥന്‍ സ്വീകരിച്ചില്ല.

ഉമ്മന്‍ ചാണ്ടിക്ക് അന്നു പ്രായം 27. മുപ്പതു വയസില്‍ താഴെയുള്ള 5 യൂത്ത് കോണ്‍ഗ്രസുകാര്‍ അന്നു നിയമസഭയിലെത്തി. 1970 ഒക്ടോബര്‍ 4ന് പുതിയ നിയമസഭ നിലവില്‍ വന്നു. കോണ്‍ഗ്രസ് പിന്തുണയോടെ സി. അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി. ഭരണത്തുടര്‍ച്ച ഉണ്ടായ ഏക സംഭവം ഇതാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ ഉമ്മന്‍ ചാണ്ടി തുടര്‍ന്ന് തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.