ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 19 കാരി പിടിയില്‍

Jaihind Webdesk
Monday, December 26, 2022

 

മലപ്പുറം: കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി. സംഭവത്തില്‍ 19 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി ഷഹല ആണ് പോലീസ് പിടിയിലായത്. 1884 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ആഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും.

കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ലഗേജ് ബോക്സുകള്‍ തുറന്ന് വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്താനായത്. കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 87-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.