ന്യൂഡൽഹി: രാജ്യസഭയിൽ പ്രതിഷേധിച്ചതിന് കേരളത്തിൽ നിന്നുള്ള മൂന്ന് എം.പിമാർ അടക്കം 19 പേർക്ക് സസ്പെൻഷൻ. വി ശിവദാസൻ, പി സന്തോഷ് കുമാർ, എ.എ റഹീം എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട കേരളാ എം.പിമാർ. നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് വെള്ളിയാഴ്ച വരെയാണ് രാജ്യസഭാ ഉപാധ്യക്ഷൻ ഇവരുള്‍പ്പെടെ 19 എംപിമാരെ സസ്പെൻഡ് ചെയ്തത്.
സസ്പെൻഡ് ചെയ്യപ്പെട്ടതിൽ ഏഴുപേർ തൃണമൂൽ കോൺഗ്രസ് എം.പിമാരാണ്. സുഷ്മിത ദേബ്, മോസം നൂർ, ഡോ. ശന്തനു സെൻ, ഡോള സെൻ, നദിമുല്‍ ഹഖ്, അബിർ രഞ്ജന്‍ ബിശ്വാസ്, ശാന്ത ഛേത്രി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ എംപിമാർ.
കനിമൊഴി, ആർ ഗിരിരഞ്ജന്‍, എം മുഹമ്മദ് അബ്ദുള്ള, കല്യാണസുന്ദരം, എന്‍.ആർ ഇളങ്കോ, എം ഷണ്‍മുഖം എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡിഎംകെ എംപിമാർ.
മൂന്ന് ടിആർഎസ് എംപിമാരും സസ്പെന്‍ഷന്‍ നടപടി നേരിട്ടത്. ബി ലിംഗയ്യ യാദവ്, രവിചന്ദ്ര വഡ്ഡിരാജു, ദാമോദര്‍ റാവു എന്നിവരാണ് സസ്പെന്‍ഷനിലായ ടിആർഎസ് എംപിമാർ.
സിപിഎം എംപിമാരായ എ.എ റഹീം, വി ശിവദാസന്‍ എന്നിവരും സിപിഐയിലെ പി സന്തോഷ് കുമാറും സസ്പെന്‍ഷന്‍ നടപടി നേരിട്ടു.
കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിഷേധിച്ചതിന് കേരളത്തിൽ നിന്നുള്ള രണ്ടുപേർ അടക്കം നാലു എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നിവരെയാണ് ഇന്നലെ സസ്‌പെൻഡ് ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ഇവർ പ്ലക്കാര്‍ഡുകള്‍ ഉയർത്തി പ്രതിഷേധിച്ചിരുന്നു. വർഷകാല സമ്മേളനം തീരുന്നതുവരെയാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഇവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഇരുസഭകളിലും പ്രതിഷേധം ഉയർന്നിരുന്നു.