ദുബായില്‍ ഒരേ ദിവസം 18 സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; സിനിമ സൗജന്യമായി കാണാം!

Elvis Chummar
Tuesday, September 27, 2022

ദുബായ്: സെപ്റ്റംബര്‍ 28 ന് ബുധനാഴ്ച ദുബായില്‍ ഒരേസമയം പതിനെട്ട് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ഈ പതിനെട്ട് തിയേറ്ററുകളിലും ഉദ്ഘാടന ദിവസം ഏത് സിനിമയും സൗജന്യമായി കാണാമെന്നതാണ് പ്രത്യേകത.

ഗള്‍ഫ് മേഖലയിലെ പ്രമുഖ സിനിമാ വിതരണ കമ്പനിയായ പാര്‍സ് ഫിലിംസിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ സിനിമാസിലാണ് ഈ ഉദ്ഘാടന ദിന ഓഫര്‍. ദുബായ് ദെയ്‌റ അല്‍ ഗുറൈര്‍ സെന്‍റര്‍ എന്ന ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയേറ്ററുകള്‍ സ്റ്റാര്‍ സിനിമാസ് വാങ്ങിയതോടെയാണിത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന റീല്‍ സിനിമാസ് ആണ് സ്റ്റാര്‍ സിനിമാസ് സ്വന്തമാക്കിയതെന്ന് പാര്‍സ് ഫിലിംസ് ഉടമ അഹമ്മദ് ഗൊല്‍ചിന്‍ പറഞ്ഞു.

ബുധനാഴ്ച രാത്രി ഏഴര മുതല്‍ തിരഞ്ഞെടുത്ത സിനിമകള്‍ ആരാധകര്‍ക്ക് സൗജന്യമായി കാണാം. പഴയതും പുതിയതുമായ 14 വിവിധ ഭാഷാ സിനിമകളാണ് ഇതിനായി പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ നിന്ന് മോഹലാലിന്‍റെ ലൂസിഫറും വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടും പ്രദര്‍ശിപ്പിക്കും.