ഡല്‍ഹി: കാശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി അടക്കമുള്ള പതിനേഴോളം പേര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെത്തി. മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുന്‍ പിസിസി അധ്യക്ഷന്‍ പീര്‍സാദാ മുഹമ്മദ് സയ്യിദ് അടക്കമുള്ള നേതാക്കളാണ് പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയത്. ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 നേതാക്കളാണ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയത്.
എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കോൺഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു.
ഭാരത് ജോഡോ രാജ്യത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കിയെന്നും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നും കെ സി വേണു ഗോപാല്‍ പറഞ്ഞു. അതേസമയം ഭാരത് ജോഡോ പുത്തന്‍ പ്രതീക്ഷയെന്നും യാത്രയ്ക്ക് കശ്മീരിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.