Mohanlal| ’16 വര്‍ഷമായി സൈന്യത്തില്‍; ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കും: ഫാല്‍ക്കെ അവാര്‍ഡ് നേട്ടത്തില്‍ മോഹന്‍ലാലിന് കരസേനയുടെ ആദരം

Jaihind News Bureau
Tuesday, October 7, 2025

ന്യൂഡല്‍ഹി: ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടനും ടെറിട്ടോറിയല്‍ ആര്‍മിയിലെ (TA) ഓണററി ലഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിന് ഇന്ത്യന്‍ കരസേനയുടെ ആദരം. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി മോഹന്‍ലാലിനെ നേരിട്ട് അഭിനന്ദിച്ചു.

ഇതൊരു വലിയ ബഹുമതിയായി കാണുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ (ടി.എ.) കൂടുതല്‍ യുവാക്കളെ ചേര്‍ക്കുന്നതിനെക്കുറിച്ചും ടി.എ. ബറ്റാലിയനുകളുടെ കാര്യക്ഷമത എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നും ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുമായി ചര്‍ച്ച ചെയ്തു.

‘കഴിഞ്ഞ 16 വര്‍ഷമായി താനും കരസേനയുടെ ഭാഗമാണ്. തന്റെ പരിമിതിക്കുള്ളില്‍ നിന്ന് സൈന്യത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനുമായി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. രാജ്യത്തിനു വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും കരസേനാ മേധാവിയുമായി ചര്‍ച്ച ചെയ്തു,’ മോഹന്‍ലാല്‍ പറഞ്ഞു. ഈ ചര്‍ച്ച ചെറുതായിരുന്നെങ്കിലും, വലിയ പദ്ധതികള്‍ ഇനിയും വരാനുണ്ടെന്നും അദ്ദേഹം സൂചന നല്‍കി.

സ്‌ക്രീനില്‍ നിരവധി തവണ സൈനികന്റെ വേഷം കൈകാര്യം ചെയ്ത മോഹന്‍ലാല്‍, ഇനിയും അത്തരം സിനിമകള്‍ ചെയ്യാന്‍ പദ്ധതിയിടുന്നതായും അറിയിച്ചു. ‘ഞാന്‍ സൈന്യത്തെക്കുറിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും സംവിധാനം ചെയ്തത് മേജര്‍ രവിയാണ്. സൈന്യവുമായി ബന്ധപ്പെട്ട കൂടുതല്‍ സിനിമകളുമായി വരാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിലാണ് രാഷ്ട്രപതി മോഹന്‍ലാലിന് ഫാല്‍ക്കെ പുരസ്‌കാരം സമ്മാനിച്ചത്. ആ നിമിഷം തന്റേതുമാത്രമല്ല, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. മലയാള സിനിമയുടെ പാരമ്പര്യത്തിനും സര്‍ഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്‌കാരത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ സിനിമാ രംഗത്തെ നേട്ടങ്ങളും, രാജ്യസ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിലുള്ള പങ്കും പരിഗണിച്ച് 2009-ലാണ് അന്നത്തെ കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ അദ്ദേഹത്തെ ഓണററി ലഫ്റ്റനന്റ് കേണലായി നിയമിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നടനാണ് മോഹന്‍ലാല്‍.