കളക്ടറുടെ ഇടപെടല്‍ ; പത്തനംതിട്ടയില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 16കാരിയെ ബാലികാ സദനത്തിലേക്ക് മാറ്റി

Jaihind Webdesk
Monday, July 26, 2021

പത്തനംതിട്ട : ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിക്ക് തുണയായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ. മാതാപിതാക്കള്‍ ഉപേക്ഷിച്ച് ഒരു മാസമായി വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 16 വയസുകാരിയെ കളക്ടറുടെ നേതൃത്വത്തില്‍ ബാലികാ സദനത്തിലേക്ക് മാറ്റി. കുട്ടിയുടെ ദുരിത ജീവിതം ജയ്ഹിന്ദ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ജില്ലാ കളക്ടര്‍ ബാലികാ സദനത്തിലെത്തി കുട്ടിയെ സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. കുടുംബ പ്രശ്‌നങ്ങള്‍ മൂലം ഒറ്റപ്പെട്ട കുട്ടിയെയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുള്ളത്. താല്‍ക്കാലികമായി ബാലികാസദനത്തിലാകും കുട്ടി ഇനി ഉണ്ടാവുകയെന്ന്  കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രത്തിന്‍റെ എല്ലാ പരിരക്ഷയും പരിപാലനവും കുട്ടിക്കുണ്ടാകും. ആരോഗ്യം, പഠനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കും.

കുടുംബ പ്രശ്‌നങ്ങള്‍ കൊണ്ട് കുട്ടികളുടെ ഭാവി ഇത്തരത്തിലാകുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നിലവില്‍ കുടുംബ കോടതിയുടേതടക്കം വിധികള്‍ വന്നിട്ടുള്ള സംഭവത്തില്‍ കുട്ടിക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൂടി വിഷയത്തിന് പരിഹാരം കണ്ടെത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മിറ്റി കൂടി ആവശ്യമായ നിയമ നടപടി സ്വീകരിക്കും.

ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സംഭവം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെയും പൊലീസിന്റെയും സഹായം ലഭിച്ചിരുന്നു. മറ്റ് അന്വേഷണങ്ങള്‍ക്ക് ശേഷം മെച്ചപ്പെട്ട ജീവിത സാഹചര്യമാണെങ്കില്‍ കുട്ടിയുടെ താല്‍പര്യപ്രകാരം കുടുംബവുമായി ഒരുമിച്ച് ജീവിക്കാനുള്ള നടപടികളാവും സ്വീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.