പത്ത് വര്‍ഷത്തിനിടെ 16 കസ്റ്റഡി മരണങ്ങള്‍;പോലീസ് സ്‌റ്റേഷനുകള്‍ കൊലക്കളങ്ങള്‍;സേനയില്‍ ക്രിമിനല്‍ ആധിപത്യം

Jaihind News Bureau
Friday, March 27, 2026

പോലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങളാകുന്ന കാഴ്ചയാണ് കഴിഞ്ഞ പത്ത് വര്‍ഷം കണ്ടത്.സേനയില്‍ ക്രിമിനലുകളുടെ ആധിപത്യവും കൂടുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 16 കസ്റ്റഡി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.

കേരളത്തിലെ ക്രമസമാധാന നില കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ തകര്‍ന്നു എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.2016 മുതല്‍ 2024 വരെയുള്ള പിണറായി വിജയന്‍ കാലത്ത് 16 കസ്റ്റഡിമരണങ്ങള്‍ കേരളത്തില്‍ നടന്നു .നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ വെച്ച കണക്കാണിത്. ഇതിനു ശേഷം വന്ന കണക്കുകള്‍ ലഭ്യമല്ലെങ്കിലും 20 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിക്രൂരമായ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മാഭിമാനം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത എത്രയോ പേരുടെ കണക്കുകള്‍ വേറെയുണ്ട്. എല്ലാം പോലീസ് നടത്തിയ കൊലപാതകങ്ങള്‍ തന്നെയാണ്.

നിസാര വിഷയങ്ങളില്‍ പോലീസ് സ്റ്റേഷനുകളില്‍ മൂന്നാം മുറയ്ക്കു വിധേയരായ ചൊവ്വല്ലൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്തിനെപ്പോലുള്ള നൂറു കണക്കിന് ചെറുപ്പക്കാര്‍ പൊലീസ് ക്രൂരതയുടെ ഇരയാണ്. ഇത്രയധികം സംഭവങ്ങളുണ്ടാകാന്‍ പ്രധാന കാരണം ദുര്‍ബലമായ വകുപ്പുകള്‍ ചാര്‍ത്തി കുറ്റക്കാര്‍ക്ക് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുന്നു എന്നതു തന്നെയാണ്. കസ്റ്റഡി മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാര്‍ മിക്കവരും ഇപ്പോഴും സര്‍വീസില്‍ തിരിച്ചെത്തിയിട്ടുണ്ട്.

പിണറായി വിജയന്‍ ആഭ്യന്തരത്തിന്റെ ചുമതല വഹിച്ച ഒമ്പതു വര്‍ഷങ്ങള്‍ കേരളത്തിലെ പോലീസ് സേന ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒമ്പത് വര്‍ഷങ്ങളായിരുന്നു. ക്രിമിനലുകളായ പോലീസുദ്യോഗസ്ഥര്‍ക്ക് സകല സംരക്ഷണവും നല്‍കി അവരെക്കൊണ്ട് രാഷ്ട്രീയ എതിരാളികളെ വേട്ടയാടിക്കുകയും അഴിഞ്ഞാടാന്‍ അവസരം നല്‍കുകയും ചെയ്തതിനു കാരണം മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവും ഇല്ലാത്തതും ഉപജാപകക്കാര്‍ വകുപ്പ് നിയന്ത്രിച്ചതുമാണ്.പോലീസ് ആക്ട് പ്രകാരം സര്‍ക്കാരിന് കൃത്യമായി നിയന്ത്രണം ഉണ്ടാകുന്നതിനു വേണ്ടി നിര്‍ദേശിക്കപ്പെട്ട സ്റ്റാറ്റിയൂട്ടറി മാനദണ്ഡങ്ങള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.

കേരളാ പോലീസ് ആക്ട് 2011 സെക്ഷന്‍ 24 പ്രകാരം ആഭ്യന്തര മന്ത്രി ചെയര്‍മാനായ സംസ്ഥാന സെക്യൂരിറ്റി കമ്മിഷന്‍ രൂപീകരിക്കണം. ഇതില്‍ നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ കൂടാതെ നോണ്‍ ഒഫീഷ്യലായിട്ടുള്ള പൗരപ്രമുഖരുമുണ്ടാകണം. ഈ കമ്മിറ്റി സ്ഥിരമായി യോഗം ചേരുകയും നയരൂപീകരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ നിലവാര പ്രകടനം വിയിരുത്തകയും വേണം. എന്നാല്‍ കഴിഞ്ഞ 9 വര്‍ഷമായി ഈ സെക്യൂരിറ്റി കമ്മിഷന്‍ ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ല. പോലീസിനെതിരെ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ അന്വേഷിക്കാന്‍ പോലീസ് കംപ്ളെയിന്റ് അതോറിറ്റി രൂപീകരിക്കണം എന്നതാണ്. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ചെയര്‍മാനായാ സംസ്ഥാന അതോറിറ്റി എസ്പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൗരവതരമായ പരാതികള്‍ അന്വേഷിക്കേണ്ടതുണ്ട്. ഇതില്‍ സംസ്ഥാന സമിതി രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല.

മിക്ക ജില്ലകളിലും ജില്ലാ കംപ്ളെയ്ന്റ് അതോറിറ്റികള്‍ ഇല്ല. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ബ്ലേഡ് മാഫിയയെ സഹായിക്കാന്‍ ഓപ്പറേഷന്‍ കുബേര നിര്‍ത്തലാക്കി. ക്യാമ്പസുകളിലെ മയക്കുമരുന്നു വ്യാപനത്തിനെതിരെ തുടങ്ങിയ സേഫ് ക്യാമ്പസും നിര്‍ത്തിച്ചു. ബിസിനസ്സുകാരുടെ തര്‍ക്കങ്ങള്‍ നിയമവിരുദ്ധമായി സെറ്റിലാക്കുന്ന ഗുണ്ടകളാക്കി സേനയെ നശിപ്പിച്ചു. ഫീല്‍ഡ് പോസ്റ്റിംഗ് കൊടുക്കരുതെന്ന് കോടതി പറഞ്ഞവരെയും പ്രധാന തസ്തികകളില്‍ നിയമിച്ചു. ഒരുകാലത്ത് സ്‌കോട്ട്‌ലാന്റ് യാര്‍ഡിനൊപ്പം നിന്ന നമ്മുടെ കേരള പോലീസിനെ റീല്‍സ് ഇട്ട് കളിക്കുന്ന ഗുണ്ടാ സംഘമായി മാറ്റി എന്നതാണ് കഴിഞ്ഞ 9 വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സംഭാവനയെന്നാണ് ആഭ്യന്തര വകുപ്പിന് എതിരായി ഉയരുന്ന ആക്ഷേപം . ജനസേവനത്തിലൂന്നിയുള്ള ഒരു പോലീസ് നയം രൂപവല്‍കരിക്കേണ്ടിയിരിക്കുന്നുവെന്ന അഭിപ്രായവും ശക്തമാകുന്നു.