സിക്കിമിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർ മരിച്ചു; നാല് പേർക്ക് പരിക്ക്

Jaihind Webdesk
Friday, December 23, 2022

ന്യൂഡല്‍ഹി: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടമുണ്ടായത്. വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു.

രാവിലെ ചാറ്റെനിൽ നിന്ന് താം​ഗുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളിൽ ഒന്നാണ് അതിര്‍ത്തിയിൽ അപകടത്തിൽപ്പെട്ടത്. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരണപ്പെട്ടത്. പരിക്കേറ്റ നാലു പേരെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. വടക്കൻ സിക്കിമിൽ നടന്ന വാഹനാപകടത്തിൽ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. അവരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം നന്ദി പറയുന്നു. കുടുംബാംഗങ്ങളെ എന്‍റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു – രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.