ദേവസ്വം ബോര്‍ഡ് നോട്ടീസ് വിവാദം; രാജകുടുംബാംഗങ്ങള്‍ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

Jaihind Webdesk
Monday, November 13, 2023

ദേവസ്വം ബോര്‍ഡ് നോട്ടീസ് വിവാദത്തിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികള്‍. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതാണ് എന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് അറിയിച്ചു. അതേസമയം, രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ നോട്ടീസാണ് വിവാദത്തിലായത്. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടത്തെ വിസ്മരിക്കുന്നുവെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. അടിമുടി രാജഭക്തിയാണ് ബോര്‍ഡിന്റെ നോട്ടീസില്‍, രാജകുടുംബത്തോടുള്ള അമിതബഹുമാനം പ്രകടം, പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും, ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് കടുത്ത വിമര്‍ശനം. പിശക് പറ്റിയെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം സാംസ്‌ക്കാരിക വിഭാഗം ഡയറക്ടര്‍ സമ്മതിക്കുമ്പോള്‍ നോട്ടീസ് പിന്‍വലിക്കണമെന്ന് ഇടത് അനുഭവികളടക്കം ആവശ്യം ഉയര്‍ന്നിരുന്നു.

നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി നടന്ന ഐതിഹാസിക പോരാട്ടത്തെ വിസ്മരിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്. പ്രയോഗങ്ങളില്‍ ചില പിഴവുണ്ടായെന്നും വിവാദമാക്കേണ്ടെന്നും നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോര്‍ഡിന് കീഴിലെ സാംസ്‌ക്കാരിക പുരാവസ്തു ഡയറക്ടര്‍ ബി മധുസൂദനന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. നോട്ടീസില്‍ ദേവസ്വം മന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദം മുറുകുന്ന സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് രാജകുടുംബ പ്രതിനിധികള്‍.