സംസ്ഥാനത്ത് 10 വർഷത്തിനിടെ 154 സ്ത്രീധന മരണങ്ങള്‍; മുഖ്യമന്ത്രി നിയമസഭയിൽ

 

തിരുവനന്തപുരം : പത്ത് വർഷത്തിനിടെ സ്ത്രീധനത്തിന്‍റെ പേരിൽ മരണപ്പെട്ടത് 154 സ്ത്രീകളെന്ന് സർക്കാർ കണക്ക്. സ്ത്രീധന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി ആലോചനയിലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. സ്ത്രീധന പീഡന പരാതികളിൽ മുഖം നോക്കാതെ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

2011 മുതൽ 16 വരെ സ്ത്രീധനത്തിന്‍റെ പേരിൽ ജീവൻ നഷ്ടപ്പെട്ടത് 100 സ്ത്രീകൾക്ക്. അതിനു ശേഷം ഈ വർഷം വരെ 54 മരണം. 2021ൽ ഇതുവരെ സ്ത്രീധനത്തെച്ചൊല്ലി 6 സ്ത്രീകൾ ആത്മഹത്യ ചെയ്തു. സ്ത്രീധന പീഡന പരാതികളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. സ്ത്രീധന മരണങ്ങൾ നാടിന് അപമാനമാണ്. കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി സർക്കാർ പരിഗണനയിലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അതേസമയം കൊല്ലത്തെ വിസ്മയ കേസിൽ ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാനുണ്ട്. അന്വേഷണം അന്തിമഘട്ടത്തിലാണ്. വിസ്മയുടെ കുടുംബത്തിന്‍റെ അഭ്യർത്ഥന മാനിച്ച് പ്രത്യേക പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീധന വിഷയത്തിൽ ഗവർണ്ണർ ഉപവാസം നടത്തിയത് ഗാന്ധിയൻ ശൈലിയിൽ സമൂഹത്തെ ബോധവത്ക്കരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments (0)
Add Comment