ഇസ്രയേലിന് ഉളളില്‍കയറി ആക്രമിക്കാന്‍ സഹായം കിട്ടിയത് ഇറാനില്‍ നിന്ന്; വെളിപ്പെടുത്തലുമായി ഹമാസ്

Jaihind Webdesk
Sunday, October 8, 2023


ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍. തങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇസ്രയേലിന് ഉള്ളില്‍ കടന്ന് ഇന്നലെയാണ് ഹമാസ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാന്‍ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമാണ് ഇറാന്‍. എന്നാല്‍ പലസ്തീന്‍ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ്. സുന്നികളും ഷിയ വിഭാഗവും തമ്മില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെ ഇറാനില്‍ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു.

ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലും പ്രത്യാക്രമണം നടത്തി. ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ പൗരന്മാരുടെ എണ്ണം 300 കടന്നു. 1590 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബന്ദികളാക്കിയ ഇസ്രയേലി സൈനികരില്‍ ചിലരെ ഗാസയിലെ ഒളിത്താവളങ്ങളില്‍ എത്തിച്ചെന്ന് ഹമാസ് പറഞ്ഞു. ചുരുങ്ങിയത് 50 ഇസ്രയേലി പൗരന്മാരെങ്കിലും ഇപ്പോഴും ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലയിടത്തും വീടുകള്‍ക്ക് ഉള്ളിലേക്ക് കടന്നു കയറി കുടുംബങ്ങളെ ഒന്നടങ്കം ഹമാസ് സംഘം കൊലപ്പെടുത്തിയെന്നാണ് വിവരം.

ഇസ്രയേലിന് ഉള്ളില്‍ കടന്ന ഹമാസ് സായുധ സംഘത്തെ ഇനിയും പൂര്‍ണമായി തുരത്താന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പടയ്ക്ക് കഴിഞ്ഞിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ ഇസ്രയേല്‍ സേനയും ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്. അതിനിടെ ബോംബുകളും മിസൈലുകളും തൊടുത്ത് ഗാസയില്‍ തീമഴ പെയ്യിച്ച ഇസ്രയേലിന്റെ ആക്രമണത്തിലും 250 ഓളം പേര്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടു. ജനങ്ങള്‍ വീട് വിട്ടു പോകണമെന്ന് ഗാസയിലെ പല മേഖലകളിലും ഇസ്രയേല്‍ അറിയിപ്പ് പുറപ്പെടുവിച്ചു. ഗാസയിലേക്ക് ഇന്ധനം അടക്കം ചരക്കുനീക്കം തടയുമെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.