പ്രവര്‍ത്തനമികവ് മാനദണ്ഡം, കെ.എസ്.യു പുനസംഘടന: അപേക്ഷ തീയതി നീട്ടി

Jaihind Webdesk
Sunday, October 1, 2023

കെ.എസ്.യു ജില്ലാ നിയോജക മണ്ഡലം കമ്മിറ്റികളില്‍ ഭാരവാഹികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് ഗൂഗിള്‍ ഫോം വഴി ബയോഡാറ്റ സഹിതം അപേക്ഷകള്‍ നല്‍കാനുള്ള തീയതി ഒക്ടോബര്‍ 6 വരെ നീട്ടിവച്ചു. വിവിധ സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 30ന് അവസാനിക്കേണ്ട പുന: സംഘടനാ നടപടികളുടെ ആദ്യഘട്ടം ഒക്ടോബര്‍ 6 വരെ നീട്ടിയത്. ഒക്ടോബര്‍ 6ന് അപേക്ഷകള്‍ പൂര്‍ത്തിയായ ശേഷം പുന: സംഘടന പ്രക്രീയയുടെ രണ്ടാം ഘട്ടം ആരംഭിക്കും.സംഘടനപരമായ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചു (മെമ്പര്‍ഷിപ് ക്യാമ്പയിന്‍ , യൂണിറ്റ് രൂപീകരണം ,ബൂത്ത് കേഡര്‍മാരെ കണ്ടെത്തുക, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുക ഉള്‍പ്പെടെ) അപേക്ഷകന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തലുകള്‍ നടത്തി ഒരു മാസത്തിനകം പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. പുനഃസംഘടന അടിയന്തിരമായി പൂര്‍ത്തിയാക്കി വരാന്‍ പോകുന്ന പാര്‍ലിമെന്റ് ഇലക്ഷന് വേണ്ടി സംഘടനയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. വോട്ടര്‍ ലിസ്റ്റില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുക, എല്ലാ ബൂത്തുകളിലും ഒരു കെ എസ് യു കേഡറെ കണ്ടെത്തുക, പുതിയ ആയിരത്തിനു മുകളില്‍ സ്‌കൂള്‍ -കോളേജ് -പ്രാദേശിക യൂണിറ്റ് രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ നൂതനമായ പ്രക്രീയയുടെ ഭാഗമായി നടക്കും. എന്‍.എസ്.യു.ഐ നിര്‍ദ്ദേശമനുസരിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തന മികവ് മാനദണ്ഡമാക്കിയാണ് പുന: സംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കുക.