തൃശൂര്‍ വാടാനപ്പള്ളിയില്‍ 15,000 കിലോ പഴകിയ മത്സ്യം പിടികൂടി

Jaihind News Bureau
Saturday, April 11, 2020

തൃശൂർ വാടാനപ്പള്ളിയിൽ പതിനയ്യായിരം കിലോ പഴകിയ മത്സ്യം പിടികൂടി. മത്സ്യം എത്തിച്ച കണ്ടെയ്നർ ലോറിയിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു.

ഒഡീഷയിൽ നിന്നാണ് മത്സ്യം വില്‍പനയ്ക്ക് കൊണ്ടുവന്നത്. ഒൻപത് ലക്ഷത്തോളം വില വരുമെന്നാണ് നിഗമനം. വാടാനപ്പള്ളി മാർക്കറ്റിൽ മത്സ്യം ഇറക്കിയ ശേഷം പാർക്ക് ചെയ്തിരുന്ന ആന്ധ്രാപ്രദേശ് രജിസ്ട്രേഷനുള്ള കണ്ടയ്നർ ലോറിയിൽ നിന്നും രൂക്ഷമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരേയും വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ പഴകിയ നെയ്മീൻ, അറക്ക ആവോലി, സ്രാവ്, വാള, തിലോപ്പിയ, കട് ല, രോഹു തുടങ്ങിയ 15,000 കിലോ മത്സ്യം കണ്ടെയ്നറിൽ നിന്ന് കണ്ടെടുത്തു. 40 കിലോ വീതം കൊള്ളുന്ന 375 പെട്ടികളിലായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു മത്സ്യം. വാടാനപ്പള്ളി മാർക്കറ്റിൽ ഇറക്കിയ മത്സ്യങ്ങൾ കണ്ടെയ്നർ ലോറിയിൽ തിരികെ കയറ്റി പോലീസ് സീൽ ചെയ്തു. മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടി. പിന്നീട് മത്സ്യങ്ങൾ നശിപ്പിച്ചു.