സകൂള്‍ സമയമാറ്റ വിഷയ ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് സമസ്ത. മദ്രസ മത പഠനത്തെ സ്‌കൂള്‍ സമയ മാറ്റം പ്രതികൂലമായി ബാധിക്കുന്നതിനെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍-സമസ്ത തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബദല്‍ മാര്‍ഗങ്ങള്‍ സമസ്ത മുന്നോട്ട് വെച്ചിരിക്കുന്നത്. രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം മാറ്റി, പകരം വൈകിട്ട് അരമണിക്കൂറാക്കി നീട്ടണം. കൂടാതെ ഓണം, ക്രിസ്മസ് അവധികളില്‍ നിന്നും അധിക ദിനം കണ്ടെത്താമെന്നും സമസ്ത നിര്‍ദേശിച്ചു.
നിലവില്‍ 9.45ന് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ക്ലാസുകള്‍ 10 മണിക്ക് തന്നെ തുടങ്ങണമെന്നും പകരം വൈകുന്നേരം അര മണിക്കൂര്‍ അധിക ക്ലാസ് എടുക്കണമെന്നുമാണ് സമസ്ത നിര്‍ദേശിക്കുന്നത്. കൂടാതെ ഓണം, ക്രിസ്മസ് അവധിക്കാലത്ത് പ്രവൃത്തി ദിനങ്ങളാകാമെന്നും നര്‍ദേശിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ 240 പ്രവൃത്തി ദിനങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ അതല്ല സ്ഥിതിയെന്നും പ്രവൃത്തി ദിനം കൂട്ടാന്‍ ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും ക്ലാസ് വെക്കണമെന്നാണ് സമസ്ത പറയുന്നത്.
’47 ലക്ഷം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസത്തിനോ പ്രാര്‍ത്ഥനയ്‌ക്കോ ഒന്നും എതിരല്ല. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാരിന് പ്രധാനപ്പെട്ടത്. ജിഫ്രി തങ്ങളുമായി സംസാരിച്ചു. തീരുമാനം മാറ്റാനുള്ള ചര്‍ച്ചയല്ല. ബോധ്യപ്പെടുത്താനുള്ള ചര്‍ച്ചയാണ്’, എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം.
വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ചോദിച്ചു. മുസ്ലിം സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അത് ധിക്കാരമായ പോക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവഗണിച്ചാല്‍ തിക്തഫലം ആരായാലും അനുഭവിക്കും. സര്‍ക്കാര്‍ ജനങ്ങളെ വിരട്ടേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചക്ക് സമസ്ത തയ്യാര്‍ ആണ്. മനുഷ്യന്മാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യും. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.