ന്യൂഡല്‍ഹി: ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂറി’ന് മറുപടിയായി ഇന്ത്യയിലെ 15 സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമം വിഫലമാക്കിയതായി ഇന്ത്യ. ഇതേതുടര്‍ന്ന് പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമപ്രതിരോധ റഡാറുകള്‍ ഇന്ത്യന്‍ സായുധ സേന ലക്ഷ്യമിട്ടു. ലാഹോറിലെ പാക് വ്യോമപ്രതിരോധ സംവിധാനം ഇന്ത്യന്‍ സേന പൂര്‍ണ്ണമായും തകര്‍ത്തതായി സ്ഥിരീകരിച്ചു. ചൈനീസ് നിര്‍മ്മിത HQ-9 മിസൈല്‍ പ്രതിരോധ സംവിധാന യൂണിറ്റുകളാണ് തകര്‍ത്തതെന്നും ഇതോടെ ലാഹോറില്‍ പാക് സൈന്യം പ്രതിരോധമില്ലാത്ത അവസ്ഥയിലായെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ ആക്രമണം കഴിഞ്ഞ ഉടനെ തന്നെയാാണ് പാകിസ്ഥാന്‍ അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നാല്‍, ഫലോഡി, ഉത്തരലായ്, ഭുജ് എന്നിവിടങ്ങളിലെ നിരവധി സൈനിക കേന്ദ്രങ്ങള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, സംയോജിത കൗണ്ടര്‍ യുഎഎസ് ഗ്രിഡും (Integrated Counter UAS Grid) റഷ്യന്‍ നിര്‍മ്മിത എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനവും ഉപയോഗിച്ച് ഈ ഡ്രോണുകളും മിസൈലുകളും നിര്‍വീര്യമാക്കി. 600 കിലോമീറ്റര്‍ അകലെയുള്ള വ്യോമാക്രമണ ഭീഷണികള്‍ പോലും ട്രാക്ക് ചെയ്യാനും യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തടയാനും എസ്-400 ന് കഴിയും, ഇത് ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിലെ നിര്‍ണായക ഘടകമാണ്.
‘സംഘര്‍ഷം വര്‍ദ്ധിപ്പിക്കാതിരിക്കാനുള്ള പ്രതിബദ്ധത ഇന്ത്യന്‍ സായുധ സേന ആവര്‍ത്തിക്കുന്നതായും ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.