പുനലൂരിൽ വീണ്ടും പോലീസിന്‍റെ ക്രൂരത; 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനും സിസേറിയന്‍ കഴിഞ്ഞ അമ്മയും പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞത് അഞ്ചുമണിക്കൂർ

Jaihind News Bureau
Thursday, April 16, 2020

കൊല്ലം പുനലൂരിൽ വീണ്ടും പോലീസിന്‍റെ ക്രൂരത. മരുന്നു വാങ്ങുവാൻ ആശുപത്രിയിൽ വന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനും സിസേറിയന്‍ കഴിഞ്ഞ അമ്മയ്ക്കും ഇവർ സഞ്ചരിച്ച ഓട്ടോ റിക്ഷ പോലീസ് പിടിച്ചതിനെ തുടർന്നു പുനലൂർ സ്റ്റേഷനില്‍ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂർ .

പുനലൂര്‍ താലൂക്കാശുപത്രിയില്‍15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി മരുന്നു വാങ്ങുവാൻ എത്തിയ മാതാപിതാക്കൾക്കാണ് അഞ്ച് മണിക്കൂർ സ്റ്റേഷനില്‍ കഴിയേണ്ടി വന്നത്. മതിയായ രേഖകള്‍ കാണിച്ചിട്ടും ഇവരെത്തിയ വാഹനം പോലിസ് പിടികൂടുകയായിരുന്നു. സിസേറിയന് വിധേമായ യുവതിക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.

പത്തനാപുരം പുന്നല ചരിവിള പുത്തന്‍വീട്ടില്‍ അജേഷ്-ലിജി ദമ്പതികളാണ് തങ്ങളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പോലീസ് സ്‌റ്റേഷനില്‍ മണിക്കൂറുകള്‍ നരകയാതന അനുഭവിച്ചത്. കുഞ്ഞിന് മരുന്നു വാങ്ങുവാൻ സമീപവാസിയുടെ ഓട്ടോയില്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയതാണിവർ. ആശുപത്രിയില്‍ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഓട്ടോ പുറത്ത് ഇടുന്നതിനായി ഇറങ്ങിയപ്പോള്‍ പോലീസ് ബലമായി പിടിച്ചെടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഇവർ ആശുപത്രിയിലെ ചികിത്സാരേഖകളും മറ്റും സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലിസു ദ്യോഗസ്ഥരെ കാണിച്ചെങ്കിലും അവര്‍ വാഹനം വിട്ടുനല്കിയില്ല.

പുനലൂരിൽ പോലിസ് വാഹനം തടഞ്ഞതോടെ രോഗിയായ പിതാവിനെ മകൻ ചുമന്ന് കൊണ്ട് പോയ വിവാദ സംഭ ത്തിന് പിന്നാലെയാണ് ദമ്പതികൾക്ക് ഈ ദുരനുഭവമുണ്ടായത്. മണിക്കുറുകൾ കഴിഞ്ഞ് ഓട്ടോയുടെ രേഖകള്‍ പിടിച്ചുവച്ച ശേഷം പോലീസ് വണ്ടി വിട്ടുകൊടുക്കുകയായിരുന്നു.