മലപ്പുറത്ത് മായം കലര്‍ന്ന 140 കിലോ ചായപ്പൊടി പിടിച്ചെടുത്തു; സാമ്പിളുകൾ പരിശോധനക്ക് അയച്ചു

Jaihind Webdesk
Thursday, July 4, 2024

 

മലപ്പുറം: മായം ചേർത്ത തേയില പിടികൂടി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 140 കിലോ മായം ചേർത്ത തേയില പിടികൂടിയത്. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തിൽ നിന്നാണ് 140 കിലോഗ്രാമോളം ചായപ്പൊടി കണ്ടെടുത്തത്. ചായക്ക് കടുപ്പം കിട്ടാൻ വേണ്ടിയാണ് ചായപ്പൊടിയിൽ മായം കലര്‍ത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അയച്ചു.

മായം ചേർത്ത തേയില വിൽപ്പന നടത്താൻ ശ്രമിച്ച 2 പേരെ മലപ്പുറം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഡി. സുജിത്ത് പെരേരയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡാണ് പിടികൂടിയത്. വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് അനസ്സിൽ നിന്ന് 40 കിലോയും, മങ്കട സ്വദേശി ആഷിഖിൻറെ ഗോഡൗനിൽ നിന്ന് 100 കിലോയും മായം ചേർത്ത തേയില പിടികൂടി. കഴിഞ്ഞ ദിവസങ്ങളിൽ തിരൂർ, താനൂർ സർക്കിളുകളിലെ തട്ടുകടകൾ കേന്ദ്രീകരിച്ച് നടത്തിയ രാത്രികാല പരിശോധനയിൽ കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന ചായപ്പൊടി- നിർമാതാവിന്‍റെ പേരോ ലേബൽ വിവരങ്ങളോ ഇല്ലാതെ നിർലോഭം വിറ്റഴിക്കുന്നതായി ഭക്ഷ്യസുരക്ഷ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വൈലത്തൂർ ഭാഗങ്ങളിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പിടിയിലായത്. തുടർ പരിശോധന നടത്തുന്നതിനായി പിടികൂടിയ തേയിലയുടെ സാമ്പിൾ കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ചോദ്യം ചെയ്യലിൽ മുഹമ്മദ് അനസിന് തേയില എത്തിച്ചു നൽകുന്നത് മങ്കട സ്വദേശി ആഷിഖ് എന്ന വ്യക്തിയാണെന്ന് കണ്ടെത്തുകയും വെങ്ങാട്ടുള്ള ഗോഡൗണിൽ പരിശോധന നടത്തുകയും ചെയ്തു. കൃത്രിമം നിറം ചേർത്തതെന്ന് സംശയിക്കുന്ന 100 കിലോയോളം തേയിലയും രാസവസ്തുക്കളും ഇവിടെനിന്ന് പിടിച്ചെടുത്തു. ഗോഡൗൺ സീൽ ചെയ്തു. മായം ചേർത്ത് തേയില വില്പന നടത്താൻ ശ്രമിച്ച ഇരു വ്യക്തികൾക്കെതിരെയും ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മീഷണർ അറിയിച്ചു.