ആദ്യ ദിനം കൊല്ലപ്പെട്ടത് 137 പേർ: കീവ് കീഴടക്കാന്‍ റഷ്യ; ആശങ്ക തുടരുന്നു

 

കീവ് : റഷ്യയുടെ സൈനിക നടപടിയില്‍ ആദ്യ ദിനം കൊല്ലപ്പെട്ടത് 137 പേരെന്ന് യുക്രെയ്ന്‍. ഇതില്‍ സൈനികരും പ്രദേശവാശികളും ഉള്‍പ്പെടുന്നു. തലസ്ഥാനമായ കീവില്‍ റഷ്യ വെള്ളിയാഴ്ച പുലർച്ചെ ആക്രമണം നടത്തിയതായി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലെന്‍സ്കി വ്യക്തമാക്കി.

ഉക്രെയ്ന്‍റെ വടക്ക്, കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ച റഷ്യന്‍ സൈന്യം തലസ്ഥാന നഗരമായ കീവ് കീഴടക്കാനുള്ള ശ്രമത്തിലാണ്. ഇവിടെ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍. ആക്രമണം അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലോകത്തെ ശക്തരായ രാജ്യങ്ങള്‍ നിശബ്ദരായി  ദൂരെ മാറിനില്‍ക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമോർ സെലെന്‍സ്കി അഭിപ്രായപ്പെട്ടു.

കരിങ്കടലിലെ സ്നേക്ക് ഐലന്‍ഡില്‍ നടന്ന പോരാട്ടത്തില്‍ 13 ഉക്രെയ്ന്‍ സൈനികർ കൊല്ലപ്പെട്ടിരുന്നു. കീഴടങ്ങാന്‍ തയാറോണോ എന്ന റഷ്യയുടെ ചോദ്യത്തിന് നിഷേധാത്മകമായി ഇവർ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെര്‍ണോബില്‍ പിടിച്ച റഷ്യന്‍ സൈന്യം നിരവധി യുക്രേനിയന്‍ സൈനികരെ  ഇവിടെ തടവുകാരാക്കിയതായാണ് റിപ്പോർട്ട്.

Comments (0)
Add Comment