ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ അനാസ്ഥ ; 5 വർഷത്തിനുളളില്‍ ചെലവഴിക്കാതെ പോയത് 125 കോടി രൂപ

Jaihind Webdesk
Sunday, June 13, 2021

ന്യൂനപക്ഷത്തിനോടുള്ള പിണറായി സർക്കാരിന്‍റെ അവഗണന കാരണം അർഹരായവർക്ക് കഴിഞ്ഞ 5 വർഷത്തില്‍ നഷ്ടമായത് കോടികള്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ബജറ്റിൽ നീക്കി വെച്ചതുകയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ചിലവഴിക്കാതെ പോയത് 125 കോടിയിലധികം രൂപ. 2016 മുതൽ 2021 വരെയുള്ള കാലയളവിലാണ് ഇത്രയും തുക ചിലവഴിക്കാതെ പോയത്. ഇതിനുപുറമേ വകുപ്പിന് അനുവദിക്കുന്ന ബജറ്റ് വിഹിതവും കുറഞ്ഞുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് 432.61 കോടി രൂപ അനുവദിച്ചതായാണ് ടി.വി ഇബ്രാഹിം എം.എൽ.എക്ക് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി. ഇതിൽ 307.19 കോടിയാണ് ന്യൂനപക്ഷ ക്ഷേമത്തിനായി ചിലവഴിച്ചത്. അതായത് അഞ്ചു വർഷത്തിനുള്ളിൽ ചിലവഴിക്കാതെ പോയത് 125.42 കോടി രൂപ.

2016- 2017 വർഷം 107.34 കോടി രൂപയായിരുന്നു ബജറ്റ് വിഹിതം. 2020- 2021 ആകുമ്പോഴേക്കും അത് 52.41 കോടിയായി കുറഞ്ഞു. മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്സി, സിഖ്, ജൈന, വിഭാഗങ്ങൾക്കായാണ് ഈ തുക ചിലവഴിക്കേണ്ടത്. ഒരോ വിഭാഗത്തിനും എത്ര തുക ചിലവഴിച്ചുവെന്നതിന്‍റെ കണക്ക് സൂക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ വിശദീകരിക്കുന്നു.