കൂട്ടിക്കലില്‍ മരണം 12, കൊക്കയാറില്‍ ഇതുവരെ കണ്ടെടുത്തത് 3 മൃതദേഹങ്ങള്‍; തെരച്ചില്‍ തുടരുന്നു

Jaihind Webdesk
Sunday, October 17, 2021

കോട്ടയം/ഇടുക്കി : കൂട്ടിക്കലിൽ ഉരുൾപൊട്ടലിലും ഒഴുക്കിൽപെട്ടും മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടിക്കലിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഇതോടെ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. കോട്ടയം കtട്ടിക്കലിൽ കാവാലി, പ്ലാപ്പള്ളി അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും 12 മൃതദേഹങ്ങളാണ് ഇന്നലെയും, ഇന്നുമായി ഇതുവരെ ലഭിച്ചത്. ഇവരിൽ 10 പേർ ഉരുൾ പൊട്ടലിലും 2 പേർ ഒഴുക്കിൽ പെട്ടുമാണ് മരിച്ചത്. ഇടുക്കിയിലെ കൊക്കയാറില്‍ കാണാതായ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ രണ്ടിടങ്ങളിലുമായി മരണം 15 ആയി.

ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ മണ്ണിനടിയില്‍പ്പെട്ട 3 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചേരിപ്പുറത്ത് സിയാദിന്‍റെ മകൾ അംന (7), കല്ലുപുരയ്ക്കൽ ഫൈസലിന്‍റെ മക്കളായ അഫ്സാൻ (8), അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൂന്ന് കുട്ടികളും കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. സിയാദിന്‍റെ ഭാര്യ ഫൗസിയ, മറ്റൊരു കുട്ടി അമീൻ എന്നിവരെയും കാണാതായിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാണാതായവർക്കായി തെരച്ചില്‍ തുടരുകയാണ്.

കോട്ടയത്തെ കൂട്ടിക്കലില്‍ കണ്ടെടുത്തവരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരും തന്നെ കാണാതായവരുടെ ലിസ്റ്റിൽ ഉള്ളവരാണ്. ഇതോടെ കുട്ടിക്കൽ, പ്ലാപ്പള്ളി, കാവാലി മേഖലകളിലെ രക്ഷാപ്രവർത്തനം അവസാനിച്ചു. കഴിഞ്ഞ ദിവസം ഉരുൾ പൊട്ടിയതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ കാരണം കുട്ടിക്കൽ അടക്കമുള്ള പ്രദേശങ്ങളിലെ റോഡുകളിൽ ഉണ്ടായ തടസം നീക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കുട്ടിക്കൽ കാവാലിയിൽ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും നാട്ടുകാരും ഡോഗ്സ്ക്വാഡും അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഉരുൾപൊട്ടലിൽ മരണം അടഞ്ഞവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ ക്യാമ്പുകളിലായി കഴിയുന്ന പ്രദേശവാസികളെ പ്രതിപക്ഷനേതാവ് വിഡി സതീശൻ സന്ദർശിച്ചു. കൂടാതെ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കയം കുട്ടിക്കൽ അടക്കമുള്ള ദുരിതബാധിത പ്രദേശങ്ങളിലും പ്രതിപക്ഷനേതാവ് സന്ദർശിച്ച് അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തി. കൊക്കയാറില്‍ രക്ഷാപ്രവർത്തനം വൈകിയത് ഗുരുതര പിഴവാണെന്നും അത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, കെ രാജൻ, ആന്‍റോ ആന്‍റണി എംപി, എംഎൽഎമാരായ വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കുൽ തുടങ്ങിയവർ ദുരന്തബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തി. ജില്ലയിൽ ഇപ്പോൾ 40 ദുരിതാശ്വാസ ക്യാമ്പുകളിലായി 439 കുടുംബങ്ങളാണ് കഴിയുന്നത്. വീടുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായി വ്യോമസേന അംഗങ്ങൾ കോട്ടയത്ത് എത്തിയിട്ടുണ്ട്.