‘നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി നിര്‍മിച്ച വാക്സിന്‍ എന്തിനാണ് വിദേശത്തേക്ക് കയറ്റി അയച്ചത്?’; മോദിക്കെതിരെ പോസ്റ്റർ പതിച്ച 12 പേർ അറസ്റ്റിൽ

Jaihind Webdesk
Sunday, May 16, 2021

ന്യൂഡൽഹി : രാജ്യത്ത് സംഹാരതാണ്ഡവം നടത്തിയ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും മുന്നൊരുക്കങ്ങള്‍ നടത്തുന്നതിലും വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ പതിച്ച 12 പേർ അറസ്റ്റിൽ. സംഭവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സെക്ഷൻ 188 പ്രകാരം പതിനഞ്ചോളം പേർക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

‘നമ്മുടെ കുഞ്ഞുങ്ങൾക്കായി നിർമിച്ച വാക്സിൻ എന്തിനാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്?’ എന്നെഴുതിയ പോസ്റ്ററുകളാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച ഈസ്റ്റ് ഡൽഹിയിലെ കല്യാൺപുരിയിൽ ആറു പേരെ അറസ്റ്റു ചെയ്തതോടെയാണ് പ്രധാനമന്ത്രിക്കെതിരെ ഡൽഹിയുടെ വിവിധ ഇടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെടുന്ന വിവരം പൊലീസിന്‍റെ ശ്രദ്ധയില്‍പെട്ടത്.

പൊതുസ്ഥലം വൃത്തികേടാക്കുന്നതു തടയുന്ന നിയമം, പ്രസ് ആൻഡ് റജിസ്ട്രേഷൻ ഒാഫ് ബുക്സ് നിയമം, ദുരന്ത മാനേജ്മെന്‍റ് നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നാണ് പൊലീസ് അറിയിക്കുന്നത്. പോസ്റ്റർ പതിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഓക്സിജൻ ലഭിക്കാത്തതിനാൽ വിവിധ സംസ്ഥാനങ്ങളിലായി 250ലേറെ മരണമാണുണ്ടായത്. വാക്സിൻ വിതരണം താറുമാറായിരിക്കുന്നു. പലയിടത്തും വാക്സിൻ ദൗർലഭ്യം കാരണം വാക്സിനേഷൻ കേന്ദ്രങ്ങൾ അടയ്ക്കുന്ന അവസ്ഥ. വാക്സിൻ വില നിയന്ത്രിക്കാൻ കേന്ദ്രം അധികാരം പ്രയോഗിക്കാത്തത് എന്തെന്ന് സുപ്രീം കോടതി ചോദിക്കുന്നു.

രാജ്യത്ത് ജനം പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടിവരുന്ന സാഹചര്യത്തിലും 20000 ലേറെ കോടി ചെലവഴിക്കുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തിലാണ് കേന്ദ്രത്തിന്‍റെയും മോദിയുടെയും ശ്രദ്ധയെന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വാക്സിന്‍ ദൌര്‍ലഭ്യത്തിന്‍റെ കാരണം കയറ്റുമതി നിര്‍ത്താന്‍ തയാറാകാത്തതാണെന്നും ആക്ഷേപമുണ്ട്.

ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിലും വാക്സിനേഷനിലും കേന്ദ്ര സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്ന് വിദേശ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാരിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെ എന്‍ഡിഎയ്ക്കുള്ളിലും  വിമതസ്വരങ്ങള്‍ ഉയരുന്നുണ്ട്. ന്യായീകരണങ്ങളൊന്നും വിലപ്പോവാത്ത അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍.