മദ്യനയത്തിലെ സിഎജി റിപ്പോര്‍ട്ട് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയില്‍ വച്ചു. ബിജെപി നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ സമ്മേളനമാണിത്. സഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡു ചെയ്ത ശേഷമാണ് സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചത് . അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായിരിക്കെ രൂപീകരിച്ച മദ്യനയത്തിന്‍ മേലുള്ള സിഎജി റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ ബഹളമാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെ 12 ആം ആദ്മി പാര്‍ട്ടി അംഗങ്ങളെ ഒരു ദിവസത്തെ നിയമസഭാ സമ്മേളനത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.
നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഉച്ചത്തിലുള്ള മുദ്രാവാക്യം വിളിച്ച് എഎപി അംഗങ്ങള്‍ ബഹളം വച്ചു. ലഫ്.ഗവര്‍ണര്‍ വി.കെ.സക്സേന സഭയെ അഭിസംബോധന ചെയ്യുന്നത് എഎപി നിയമസഭാംഗങ്ങള്‍ തടസ്സപ്പെടുത്തി. അംഗങ്ങളോട് ശാന്തരായിരിക്കാന്‍ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത പലവട്ടം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്തുന്നത് തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ നിയമസഭാംഗങ്ങളെ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഷനെ തുടര്‍ന്ന് എംഎല്‍എമാര്‍ നിയമസഭാ വളപ്പില്‍ കുത്തിയിരിപ്പ് നടത്തുന്നതിനിടെ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബിആര്‍ അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്തതിലൂടെ ബിജെപി അദ്ദേഹത്തോട് അനാദരവ് കാട്ടിയതായി അതിഷി ആരോപിച്ചു.ബിആര്‍ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് അതിഷി കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹിയിലെ മുന്‍ എഎപി ഭരണ കാലത്തുള്ള 14 സിഎജി റിപ്പോര്‍ട്ടുകളില്‍, റദ്ദാക്കിയ മദ്യനയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് ഈ നാടകീയ നടപടികള്‍ ഡല്‍ഹി നിയമസഭയില്‍ അരങ്ങേറിയത് .