സില്‍വർലൈന് 10 മീറ്റർ ബഫർ സോണ്‍; മന്ത്രി സജി ചെറിയാന്‍റെ വാദം തള്ളി കെ റെയില്‍ എംഡി

Monday, March 21, 2022

തിരുവനന്തപുരം: സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോണ്‍ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ വാദം തള്ളി കെ റെയിൽ എംഡി കെ അജിത് കുമാർ. സിൽവ‍ർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റ‍ർ ബഫ‍ർ സോൺ ഉണ്ടാവുമെന്ന് കെ റെയിൽ എംഡി വ്യക്തമാക്കി. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാ​ഗത്ത് അനുമതിയോടെ നിർമ്മാണം നടത്താം. ബഫർ സോൺ നിലവിലെ നിയമമനുസരിച്ച് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി ആഘാതപഠനമടക്കമുള്ള കാര്യങ്ങളറിയാനുള്ള സ‍ർവേയാണ് ഇപ്പോൾ നടക്കുന്നത്. സ‍ർവേ പൂർത്തിയാക്കി റെയിൽവേയുടെ അം​ഗീകാരം കിട്ടിയാൽ മാത്രമേ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ നടത്താൻ പറ്റൂ. കല്ലിടലുമായി മുന്നോട്ട് പോകുമെന്നും കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടുമെന്നും കെ റെയില്‍ എംഡി പറഞ്ഞു.