ജമ്മു-കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരുക്ക്

Jaihind Webdesk
Sunday, June 9, 2024

 

ലഡാക്ക്: ജമ്മു-കശ്മീരിൽ ബസിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 33 പേര്‍ക്ക് പരുക്കേറ്റു. റേസി ജില്ലയിലെ ഒരു ദേവാലയത്തിൽ നിന്ന് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശിവ്ഖോഡ ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്.

ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടർന്ന് ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമാവുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് സീനിയർ പോലീസ് സൂപ്രണ്ട് മോഹിത ശർമ്മ പറഞ്ഞു. യാത്രക്കാർ സ്വദേശികളല്ലെന്നും ഇക്കാര്യം സംബന്ധിച്ച വിശദാശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. പോലീസ് സംഘം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രജൗരി, പൂഞ്ച്, റേസി എന്നീ ഭാഗങ്ങളിലായാണ് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നത്.