ഭവനനിർമാണ പദ്ധതിയുടെ പേരിൽ ഒരു കോടിയിലേറെ പിരിച്ചെടുത്തു; മലപ്പുറത്ത് 4 പേര്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, November 23, 2022

മലപ്പുറം: ഭവനനിർമാണ പദ്ധതിയുടെ പേരിൽ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്ത സംഘം മലപ്പുറം മഞ്ചേരിയിൽ പോലീസ് പിടിയിൽ. ” എൻ്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി ” എന്ന പേരിലാണ് സംഘം പണം നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്തത് . അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ,പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി ഹുസൈൻ ടി.കെ , പാലക്കാട് അലനല്ലൂർ സ്വദേശി ഷൗക്കത്തലി സി എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാൻ ഉണ്ട്. പത്രമാധ്യമങ്ങൾ വഴിയും മറ്റും പരസ്യം ചെയ്ത് ആളുകളെ വരുത്തി സംഭാവനകൾ കൂപ്പൺ വഴിയും, മുദ്ര പേപ്പർ വഴിയും ആണ് പണം ശേഖരിച്ചിട്ടുള്ളത്. ഒരു ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ആണ് ആളുകളിൽ നിന്നും ഇവർ ശേഖരിക്കുന്നത്. 2 ലക്ഷം തന്നവർക്ക് 4 മാസത്തിനു ശേഷം 8 ലക്ഷത്തിന്‍റെ വീട് വെച്ച് നൽകുമെന്ന് പറഞ്ഞാണ് പണം ശേഖരിച്ചിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി.
ഇവരുടെ കേന്ദ്രത്തിൽ പരിശോധന നടത്തിയ പോലീസ് 58.5 ലക്ഷം രൂപ ഇവിടെനിന്നും കണ്ടെടുത്തു.തട്ടിപ്പ് സംഘം 3 ദിവസങ്ങൾക്കുള്ളിൽ ഏകദേശം 93-പേരിൽനിന്നായി ഒരു കോടി 18-ലക്ഷത്തി 58,000/- രൂപ പിരിച്ചെടുത്തതായി പോലീസ് കണക്കാക്കുന്നു.മഞ്ചേരി പോലീസ് Banning of Unreguletted Deposit Scheams Act – 2019 പ്രകാരം ഇവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.