കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് 1.48 കോടിയുടെ തട്ടിപ്പ്; 5 പേര്‍ക്കെതിരെ കേസ്

 

മലപ്പുറം: കെഎസ്എഫ്ഇ ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പ്. ഒരു കോടി നാല്‍പത്തി എട്ട് ലക്ഷം രൂപയാണ് തട്ടിയത്. 221.63 പവൻ (1773.04ഗ്രാം ) സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വെച്ചത്. മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ നിന്ന് ആണ് പണം തട്ടിയത്. സംഭവത്തില്‍ വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയം വെച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വര്‍ണം പണയം വെക്കുമ്പോള്‍ സ്വര്‍ണം ആണോയെന്ന് പരിശോധിക്കുന്ന ജീവനക്കാരനാണ് രാജൻ. ഇയാളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസ് പറയുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ശാഖാ മാനേജര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. പത്ത് അക്കൗണ്ടുകളിലൂടെയാണ് പണയം വെച്ചത്. ചില ചിട്ടിയ്ക്ക് ജാമ്യമായും സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടമാണ് വെച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഈ വര്‍ഷം ജനുവരിയിലും സ്വര്‍ണം വെച്ചിട്ടിട്ടുണ്ട്. സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Comments (0)
Add Comment