തണൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ സെന്‍ററിൽ കാണാനാവുക രോഗീപരിചരണത്തിന്‍റെ വ്യത്യസ്തമായ ഒരു മുഖമാണ്. കൃത്യമായ ശാരീരിക വ്യായാമത്തോടൊപ്പം തന്നെ ശേഷിക്കുന്ന ജീവിതത്തിന് മുഴുവൻ പ്രചോദനമാകുന്ന മാനസിക പിന്തുണയും ഈ സ്ഥാപനം ഉറപ്പു നൽകുന്നു.
നട്ടെല്ലിന് ക്ഷതമേറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമായി 4000 ത്തോളം പേരാണ് സംസ്ഥാനത്തുള്ളത്. ആശുപത്രികളിൽ വൻതുക ചെലവഴിച്ച് സർജറി നടത്തി ശേഷം മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ജീവിതം തള്ളി നീക്കുന്നു. എന്നാൽ കൃത്യമായ ഫിസിയോതെറാപ്പിയും മാനസിക പിന്തുണയും ഉണ്ടെങ്കിൽ ഇവരിൽ ഭൂരിഭാഗം പേരും പഴയതിനേക്കാൾ മികവോടെ ജീവിക്കുമെന്നും തണൽ റീഹാബിലിറ്റേഷൻ സെന്‍റർ തെളിയിക്കുന്നു. ബഹ്‌റിനിൽ മോഷ്ടാക്കളുടെ അക്രമണത്തിൽ അപകടത്തിൽപ്പെട്ട് മരണത്തിന്‍റെ പടിവാതിലിൽ നിന്നാണ് കൊല്ലം സ്വദേശിയായ അഫ്‌സൽ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. തണൽ റീഹാബിലിറ്റേഷൻ സെന്‍ററിൽ നിന്നുള്ള രണ്ടുമാസത്തെ ചികിത്സ പൂർത്തിയാക്കി അഫ്‌സൽ തിരിച്ചു പോകുന്നത് പുതിയ മനസുമായാണ്. കോഴിക്കോട് പയ്യോളി സ്വദേശിയായ കനകദാസ് എന്ന സാമൂഹ്യ പ്രവർത്തകനും പറയാനുള്ളത് സെന്‍ററിലെ കൃത്യമായ പരിചരണം കൊണ്ട് ജീവിതം തിരികെ ലഭിച്ചതിന്‍റെ കഥ തന്നെ.
https://www.youtube.com/watch?v=FfZkQakfxU4
വെല്ലൂരിലും പൂനെയിലും ലക്ഷങ്ങൾ ചെലവിട്ട് നൽകുന്ന ചികിത്സ വളരെ തുച്ഛമായ തുകയിലാണ് തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ നൽകുന്നത്. രോഗികൾക്ക് തുടർ ജീവിതത്തിനും വരുമാനത്തിനുമുള്ള സാഹചര്യം ഒരുക്കാനും രോഗികൾക്ക് അനുകൂലമായ രീതിയിൽ അവരുടെ ജീവിത സാഹചര്യങ്ങളെ മാറ്റാനും സ്ഥാപനം മുന്നിട്ടിറങ്ങുന്നു. തിരിച്ചു പോകാൻ വീടില്ലാത്ത സെന്‍ററിലെ രാജീവ് എന്ന രോഗിക്കു വീടു നിർമ്മിച്ച് നൽകാൻ മുൻകൈ എടുത്തതും സ്ഥാപനം തന്നെ