ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 150 കോടി തട്ടിയ ഇരിങ്ങാലക്കുട സ്വദേശികള്‍ മുങ്ങി

Jaihind News Bureau
Saturday, February 22, 2025

ഒരു തട്ടിപ്പു കൂടി മറനീക്കി പുറത്തേയ്ക്ക്. ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ വന്‍ തുക തട്ടിയ സ്ഥാപനത്തിനെതിരേ കേസെടുത്തു. ഇരിങ്ങാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബില്യന്‍ ബ്രീസ് നിക്ഷേപ പദ്ധതിയുടെ ഉടമകളാണ് 150 കോടിയോളം തട്ടിയെടുത്ത് മുങ്ങിയത്. സഹോദരങ്ങളായ മൂന്നു പേരാണ് ഇതിനു പിന്നില്‍. ഇവരെ പ്രധാന പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു

നിക്ഷേപം വരുത്താന്‍ കേരള സര്‍ക്കാര്‍ നിക്ഷേപഉച്ചകോടി സംഘടിപ്പിക്കുമ്പോള്‍ ഒട്ടും വിയര്‍ക്കാതെയും കഷ്ടപ്പെടാതെയും കോടികള്‍ ഉണ്ടാക്കി മുങ്ങുന്നവരുടെ കണ്ണി കേരളത്തില്‍ അവസാനിക്കുന്നില്ല. വമ്പന്‍ ലാഭം ഓഫര്‍ ചെയ്ത് പൊതു ജനങ്ങളുടെ സമ്പത്ത് സ്വന്തം പേരിലേയ്ക്കു മാറ്റുന്ന തട്ടിപ്പു സംഘങ്ങളുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇരിങ്ങാലക്കുടയിലേത്. കേരളത്തില്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് അവസാനമില്ല…

വമ്പന്‍ നിക്ഷേപ തട്ടിപ്പാണ് ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ തട്ടിയെടുത്തത് . ബില്യണ്‍ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. ഇരിക്കാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ഉടമകളായ ഇരിങ്ങാലക്കുട സ്വദേശികള്‍ ബിബിന്‍ കെ. ബാബുവും രണ്ടു സഹോദരങ്ങളും മുങ്ങിയിരിക്കുകയാണ്. പണം നല്‍കിയ 32 നിക്ഷേപകരാണ് ഇതുവരെ പരാതി നല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.