മുപ്പത്തിയേഴാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് കൊടിയേറി. എഴുപത്തി ഏഴ് രാജ്യങ്ങളില്‍ നിന്നായി 1847 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഷാർജ നഗരത്തിനു പുസ്തകവസന്തം പകർന്നാണ് 11 ദിവസത്തെ മേളക്ക് തുടക്കമായത്. അക്ഷരങ്ങളുടെ കഥ എന്ന തീമില്‍ അണിയിച്ചൊരുക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തിന് നവംബര്‍ പത്തിന് സമാപനമാകും.
ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഡോ.ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസീമിയാണ് പുസ്തകമേള ഉത്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയായ ഷാർജ പുസ്തകോത്സവത്തിൽ പതിനാറ് ലക്ഷം ടൈറ്റിലുകളിലായി രണ്ടുകോടി പുസ്തകങ്ങളാണ് വില്പനക്ക് വച്ചിരിക്കുന്നത്. അതോടൊപ്പം ആയിരത്തി എഴുനൂറിലധികം സാംസ്കാരിക പരിപാടികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയടക്കം എഴുപത്തി ഏഴ് രാജ്യങ്ങളില്‍ നിന്നായി 1847 പ്രസാധകര് പങ്കെടുക്കുന്ന ഷാര്‍ജ പുസ്തക മേളയില്‍ കേരളത്തില്‍ നിന്ന് ഒട്ടുമിക്ക പ്രസാധകരും പങ്കെടുക്കുന്നുണ്ട്. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ആദ്യമായി ഷാർജ പുസ്തകമേളയിൽ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ മുൻനിര എഴുത്തുകാരുടെ സാഹിത്യ കൃതികളും രാഷ്ട്രീയ നേതാക്കന്മാരുടെ ലേഖന സമാഹാരങ്ങളും ഇവിടെ ലഭ്യമാണ്. ഷാർജ എക്സ്പോ സെന്ററിലെ ഹാൾ നമ്പർ ഏഴിലെ മുപ്പത്തിനാലാം സ്റ്റാളിലാണ് പ്രിയദർശിനി പുബ്ലിക്കേഷൻസ് പ്രവർത്തിക്കുന്നത്.