വനം മന്ത്രി കൂടുതൽ പ്രതിരോധത്തിൽ; രാജിക്കായി സമ്മർദ്ദം ശക്തമാകുന്നു

പ്രളയക്കെടുതിക്കിടെ വിദേശ യാത്ര നടത്തിയ വനം മന്ത്രി കെ. രാജു കൂടുതൽ പ്രതിരോധത്തിൽ. സിപിഐ യിൽ നിന്ന് തന്നെ മന്ത്രിയുടെ രാജിക്കായി സമ്മർദ്ദം ശക്തമായിരിക്കുകയാണ്. വിദേശ യാത്രക്ക് മുമ്പ് കെ.രാജു സ്വന്തം വകുപ്പിന്‍റെ ചുമതല മന്ത്രി പി. തിലോത്തമന് കൈമാറിയത് മുഖ്യമന്ത്രി പോലും അറിയാതെയായിരുന്നു.

വിദേശ യാത്ര നടത്തിയതിൽ തെറ്റില്ലെന്നാണ് വനം മന്ത്രിയായ കെ. രാജുവിന്‍റെ വാദം. എന്നാൽ അത് അംഗീകരിക്കാൻ മുഖ്യമന്ത്രിയും സ്വന്തം പാർട്ടിയായ സി. പി.ഐ യും തയ്യാറല്ല. കെ. രാജു ജർമ്മൻ സന്ദർശനത്തിന് പോയപ്പോൾ അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ ചുമതല കൈമാറിയത് പോലും മുഖ്യമന്ത്രിയെ അറിയിക്കാതെയാണ്. കെ.രാജു വിദേശത്തായിരുന്നപ്പോൾ ഭക്ഷ്യമന്ത്രി പി തിലോത്തമനാണ് അദ്ദേഹത്തിന്‍റെ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്. സാധാരണ ഒരു മന്ത്രി സംസ്ഥാനത്ത് ഇല്ലാത്ത സാഹചര്യം ഉണ്ടാകുമ്പോൾ മറ്റൊരു മന്ത്രിക്ക് കൈകാര്യം ചെയ്യുകയാണെങ്കിൽ അക്കാര്യം ചൂണ്ടികാട്ടി പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കാറുണ്ട്.

https://www.youtube.com/watch?v=5Idby351HAQ

സ്വന്തം ലെറ്റർപാഡിലായിരുന്നു ചുമതല നൽകിക്കൊണ്ടുള്ള കത്ത് അദ്ദേഹം പി. തിലോത്തമന് കൈമാറിയത്. ഇത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പ്രളയ സമയത്ത് മന്ത്രി നടത്തിയ വിദേശ സന്ദർശനം ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നാണ് സി. പി. ഐ യുടെയും പാർട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രന്‍റെയും നിലപാട്. മന്ത്രി രാജി വയ്ക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ കാനം രാജേന്ദ്രനെ അറിയിച്ചതായാണ് വിവരം. സെപ്റ്റംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് ചേരുന്ന സി.പി.ഐ നേതൃയോഗം വിഷയം ചർച്ച ചെയ്യുമെന്നാണ് സി. പി. ഐ നേതൃത്വം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

k raju
Comments (0)
Add Comment