മ്യാന്‍മറിലും ബാങ്കോക്കിലും ശക്തമായ ഭൂചലനം; വീടുകളിലും ഹോട്ടലുകളിലും നിന്ന് ജനം ഇറങ്ങിയോടി

Jaihind News Bureau
Friday, March 28, 2025

മ്യാന്‍മറിലും ബാങ്കോക്കിലും ഇന്ന് ശക്തമായ ഭൂചലനം ഉണ്ടായി. 7.7, 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മറില്‍ ഇന്ന് രണ്ട് തവണ ഉച്ചയ്ക്ക് 12.50 ന് ഉണ്ടായത്. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബാങ്കോക്കില്‍ ഉണ്ടായത്. 12 മിനിറ്റ് വ്യത്യാസത്തിലാണ് മ്യാന്‍മറില്‍ രണ്ട് തവണ ഭൂചലനമുണ്ടായത്. മ്യാന്‍മറിലെ മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം പറയുന്നു.

മ്യാന്‍മറിലും ബാങ്കോക്കിലും കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. വീടുകളിലും ഹോട്ടലുകളിലും നിന്ന് ജനം ഇറങ്ങിയോടി. മ്യാന്‍മറിലെ പ്രശസ്തമായ ആവ പാലം തകര്‍ന്നു. ഭൂചലനത്തെത്തുടര്‍ന്ന് ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തു വന്നിട്ടില്ല.