മോദിയും അമിത്ഷായും ചെയ്യുന്നത് വാക്കുകൊണ്ടുള്ള വെടി;പാക്കിസ്ഥാന് നല്‍കേണ്ടത് പ്രവൃത്തികൊണ്ടുള്ള മറുപടി : കെ സി വേണുഗോപാല്‍ എം പി

Jaihind News Bureau
Sunday, May 4, 2025

എഐസിസി സംഘടിപ്പിക്കുന്ന 40 ദിവസം നീണ്ടു നില്ക്കുന്നു ജനകീയ പ്രക്ഷോഭ ക്യാമ്പയിന്‍ ഭാഗമായി സംഘടിപ്പിച്ച പരിപാടി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. നമ്മുടെ ഭരണഘടന തീവ്രമായ അക്രമത്തിന്റെ നിഴലില്‍ നില്‍ക്കുകയാണെന്നും ഭരണഘടനാ തത്വങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ദുര്‍വിനിയോഗം ചെയ്തു രാഷ്ട്രീയ വേട്ട നടത്തുന്നുവെന്നും EDയെ ഇന്ന് ബിജെപിയും മോദിയും പാര്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ് ആക്കി മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുവാന്‍ ബിജെപി EDയെ മാറ്റിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നില്ല.വോട്ടര്‍ പട്ടികയില്‍ പോലും കൃത്രിമം നടക്കുന്നു.ജനങ്ങളെ വിഭജിക്കുവാനുള്ള ഗവേഷണം ബിജെപി സര്‍ക്കാര്‍ ഓരോ ദിവസവും നടത്തുന്നു. പ്രതിപക്ഷ ശബ്ദങ്ങളെ തമസ്‌കരിക്കുവാന്‍ ബിജെപി ശ്രമിക്കുന്നു.ഭരണാധിപന്മാര്‍ ഹൃദയം കൊണ്ട് നിയമം നിര്‍മിക്കണം. RSS ആസ്ഥാനമായ നാഗ്പൂരിലെ തലച്ചോര്‍ അല്ല രാജ്യത്ത് നിയമം നിര്‍മിക്കേണ്ടത്’ എന്നും അദ്ദേഹം പരിഹസിച്ചു. സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ടാണ് വഖഫ് ബില്‍ തയ്യാറാക്കിയത്. മുനമ്പം ജനതയെ ബില്ലിന്റെ പേരില്‍ അമിത് ഷായും കൂട്ടരും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുററപ്പെടുത്തി. എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

മോദിയും അമിത് ഷായും രണ്ടാഴ്ചയായി പാക്കിസ്ഥാനെ ഇന്നടിക്കും നാളെ അടിക്കും എന്നു പറഞ്ഞ് വെടി പൊട്ടിക്കുകയാണ്. പാകിസ്ഥാനെ പാഠം പഠിപ്പിക്കുവാന്‍ രാജ്യത്തോടൊപ്പം ഉണ്ട് എന്ന് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും പ്രഖ്യാപിച്ചതാണ്. വാക്കു കൊണ്ടുള്ള വെല്ലുവിളിയല്ല പ്രവൃത്തി കൊണ്ടുള്ള മറുപടിയാണ് മോദി നടത്തേണ്ടത്.

ജാതി സെന്‍സസ് പ്രഖ്യാപിച്ചാല്‍ മാത്രം പോരാ സമയബന്ധിതമായി നടപ്പിലാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. . സംസ്ഥാന സര്‍ക്കാരും ഭരണഘടനയെ കാറ്റില്‍ പറത്തുകയാണ്. ദലി ത് സമൂഹത്തെ കൈകാര്യം ചെയ്യുന്നതില്‍ പിണറായിയും മോദിയും യാതൊരു വ്യത്യാസവുമില്ല. വേടനോട് കാണിച്ചത് അനീതിയാണ്. പിണറായിയുടെ മനസ്സ് ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഇപ്പോള്‍ മോദിയും അദാനിയും. വരും ദിവസങ്ങളില്‍ ഉറക്കമില്ലാത്ത രാവുകള്‍ ഉണ്ടാവുക മോദിക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു