മണിപ്പൂർ മുതൽ അദാനി വരെ; പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം

Jaihind Webdesk
Monday, November 25, 2024

ഡൽഹി: പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ ഇരുപത് വരെയാണ് സമ്മേളന കാലയളവ്. മണിപ്പൂർ മുതൽ അദാനി വരെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകളും അവതരിപ്പിക്കുന്നുണ്ട്.

ദേശീയ അന്തർദേശീയ തലത്തിൽ അദാനി നടത്തിയ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡീൻ കുര്യാക്കോസ് എം.പി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരൽമല ദുരന്തം അതിതീവ്ര ദുരന്തമായി പരിഗണിച്ച് അടിയന്തര ധനസഹായം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ പ്രമചന്ദ്രൻ എംപി ലോക് സഭയിൽ അടിയന്തര പ്രമേയം നൽകി.

ഉത്തർപ്രദേശിലെ സമ്പലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ വർഗീയ സംഘർഷം അടിയന്തര ശ്രദ്ധയിൽപ്പെടുത്താൻ കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. മർച്ചൻ്റ് ഷിപ്പിംഗ് ബിൽ, തീരദേശ ഷിപ്പിംഗ് ബിൽ, ഇന്ത്യൻ തുറമുഖ ബിൽ, രാഷ്ട്രീയ സഹകാരി വിശ്വവിദ്യാലയ ബിൽ തുടങ്ങിയ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയില്‍പ്പെടുന്നു.