ബവ്‌റിജസ് വെയര്‍ഹൗസില്‍ വന്‍ തീപിടുത്തം; ഭാഗികമായി കത്തിനശിച്ചു

Jaihind News Bureau
Tuesday, May 13, 2025

തിരുവല്ല പുളിക്കീഴ് ബവ്‌റിജസ് വെയര്‍ഹൗസില്‍ വന്‍ തീപിടുത്തം. ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ഏകദേശം എട്ടേകാലോടെയാണ് സംഭവം നടക്കുന്നത്. ഒരു ഭാഗത്ത് നിന്ന് തീ കത്തിയമരുകയായിരുന്നു. പൊട്ടിത്തെറികളുള്‍പ്പെടെ ഉള്ളതിനാല്‍ തീയണയ്ക്കുക എന്നത് വളരെ എളുപ്പത്തില്‍ സാധ്യമാകില്ലെങ്കിലും ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ്. മുക്കാല്‍ മണിക്കൂറോളമായി ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വെയര്‍ഹൗസ് ഭാഗികമായും കത്തിനശിച്ച നിലയിലാണ്. അടുത്ത് വീടുകളില്ല എന്നത് ആശങ്ക ഒഴിവാക്കിയിട്ടുണ്ട്.

ബിവറേജസ് ഔട്ട്‌ലെറ്റിനും സംഭരണ കേന്ദ്രത്തിലുമാണ് തീപ്പിടുത്തമുണ്ടായത്. പുളിക്കീഴിലുള്ള ബിവറേജസിലെ ലക്ഷങ്ങള്‍ വിലവരുന്ന മദ്യത്തിനാണ് തീപ്പിടിച്ചത്. ജവാന്‍ നിര്‍മാണശാലയോട് ചേര്‍ന്നുള്ള ഔട്ട്‌ലെറ്റായിരുന്നു ഇത്.