പ്രവാസികളുടെ മടങ്ങിവരവില്‍ ആശയക്കുഴപ്പം തുടരുന്നു, ദുരന്തമുഖത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം കളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

പ്രവാസികളുടെ മടങ്ങിവരവില്‍ ആശയക്കുഴപ്പം തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്വാറന്‍റീന്‍ ചെയ്യുന്നതില്‍ വ്യക്തതയില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ല. ദുരന്തമുഖത്ത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും രാഷ്ട്രീയം കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  പ്രവാസികളുടെ യാത്രാചെലവ് വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് നല്‍കണം. നോര്‍ക്കയും യാത്രാചെലവിനായി ഫണ്ട് വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ സ്ഥിതി അതീവഗുരുതരമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ ആളുകളെ തിരികെ എത്തിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതിഥി തൊഴിലാളികളുടെ യാത്രാചെലവിനായി പണം നൽകാൻ അഞ്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റികൾ  കളക്ടർമാരെ സമീപിച്ചു. എന്നാൽ കളക്ടർമാരിൽ ചിലർ കാണാൻ പോലും തയ്യാറായില്ല. പണം വേണ്ടായെന്ന് പറഞ്ഞത് രാഷ്ട്രീയ കളിയാണ്. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് ഇത്ര ധാര്‍ഷ്ട്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഒരു മാറ്റവും കഴിഞ്ഞ നാല് വർഷമായിട്ടും ഉണ്ടായിട്ടില്ല. എത്ര പി.ആർ ഏജൻസികൾ ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment