കേരളം ഇപ്പോഴും പ്രളയ ദുരന്തത്തില്‍ നിന്ന് മോചിതമായിട്ടില്ല. മഹാദുരന്തങ്ങള്‍, സഹാനുഭൂതി കൊണ്ട് ഒറ്റയാന്മാരെ പോലും ഒരുമയില്‍ ലയിപ്പിക്കും എന്ന് വീണ്ടും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. മലയാളിയുടെ സ്വാര്‍ഥയുടെ വരമ്പുകള്‍ പ്രളയം കടപുഴക്കി എറിഞ്ഞു. സ്വയം രക്ഷയ്ക്കൊപ്പം മറ്റുള്ളവരെ കൂടി രക്ഷിക്കാന്‍ എല്ലാവരും ഒരേ മനസായി പഠിച്ചു. പ്രവാസി മലയാളികള്‍ക്കും, നാട്ടിലുള്ള അവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഈ ദുരിത ദിനങ്ങള്‍ വലിയ പാഠങ്ങള്‍ പഠിപ്പിച്ചു.
പ്രവാസികളായ സഹോദരങ്ങളേ നിങ്ങളുടെ ഭക്ഷണം, വസ്ത്രം, പണം, ഒന്നും നിങ്ങളുടേതല്ല. നിങ്ങള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ആര്‍ഭാടമായി കെട്ടിപൊക്കിയ വീടുകള്‍, നിങ്ങള്‍ക്ക് മാത്രം പാര്‍ക്കുവാന്‍ ഉള്ളതല്ല. ഈ ഭൂമി നിങ്ങള്‍ക്ക് മാത്രം ജീവിക്കാനുള്ളതല്ല എന്ന് തുടങ്ങി, നിരവധി പുതിയ പാഠങ്ങള്‍ ഈ പ്രളയം പഠിപ്പിച്ചു. ഇപ്രകാരം പ്രവാസികളിലും വലിയ ഉള്‍ക്കാഴ്ചയുള്ള സന്ദേശമാണ് ഈ മഹാപ്രളയം നല്‍കിയത്. ഓരോ മനുഷ്യരിലെയും അഹങ്കാരത്തെ അസ്തമിപ്പിക്കുന്ന, വലിയ വിപത്താണ് ഈ മഹാ ദുരന്തങ്ങളെന്നും ഓര്‍മിപ്പിച്ചു. മഹാദുരിതത്തില്‍ മുങ്ങിയ മാതൃനാടായ കേരളത്തിന് സാമ്പത്തികം കൊണ്ട് മാത്രമല്ല മനസ് കൊണ്ടും പിന്തുണ നല്കിയവരാണ് പ്രവാസികള്‍. ഒപ്പം അമ്പത് വര്‍ഷത്തിലധികമായി മലയാളി ജീവിതങ്ങളെ നേരിട്ട് അറിയാവുന്ന അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും ഈ ദുരിതത്തില്‍ മലയാളിക്കൊപ്പം ഒന്നിച്ചു.
അറബ് സ്വദേശികള്‍ അവരുടെ തൂവെള്ള വസ്ത്രം പോലെ വിശാലത ഉള്ളവരും നന്ദി ഉള്ളവരും ആണെന്നും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. ആകാശത്ത് മുടി അഴിച്ച് താണ്ഡവം ആടിയ മഴമേഘങ്ങളെ ഭയന്ന് വിറങ്ങലിച്ച കേരളത്തിലെ ഓരോ ഗ്രാമങ്ങള്‍ക്കും ഈ അറബ് രാജ്യങ്ങളും ഇവിടെ മരുഭൂമിയില്‍ കഷ്ടപ്പെടുന്ന മലയാളികളും വലിയ ആശ്വാസമായി മാറി.
മലയാളി മനസറിഞ്ഞ കുറിപ്പ്
കേരളം കണ്ട ഏറ്റവും വലിയ ഈ പ്രളയത്തില അനുശോചനം അറിയിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യന്‍ രാഷ്ട്രപതിക്ക് ആദ്യം സന്ദേശം അയച്ചു. ഷെയ്ഖ് ഖലീഫയുടെ പേരിലുള്ള ഖലീഫ ഫൗണ്ടേഷന്, കേരളത്തെ സഹായിക്കാന്‍ ധനസമാഹരണത്തിനും തുടക്കമിട്ടു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്, ചരിത്രത്തില്‍ ആദ്യമായി മലയാള ഭാഷയില്‍ തന്റെ പ്രതികരണം നടത്തി. വേദനകള്‍ക്ക് ഇടയിലും പ്രവാസി മലയാളികള്‍ക്ക് അഭിമാനമായി മാറിയ നിമിഷം.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തില്‍ ഉണ്ടായിരിക്കുതെന്ന് ഷെയ്ഖ് മുഹമ്മദ് എഴുതി. ദുരിത ബാധിതരെ സഹായിക്കാന്‍ യു.എ.ഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്കാന് ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യണം. യു.എ.ഇയുടെ വിജയത്തിന് എക്കാലവും കേരള ജനത ഉണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ കൂടി ചേര്‍ന്നാണ് ഈ നാട് കെട്ടിപ്പൊക്കിയത്. അതുകൊണ്ട് അവരുടെ ദു:ഖം ഞങ്ങളുടെ കൂടി ദു:ഖമാണെന്നെന്നും ഷെയ്ഖ് മുഹമ്മദ് കുറിച്ചിട്ടു. ഇതോടെ, ഈ കുറിപ്പും ചരിത്രത്തിലേക്കുള്ള മറ്റൊരു ഓര്മ കുറിപ്പായി.
മനുഷ്യത്വം മരുന്നായി മാറിയ കാലം
കേരളമെന്ന നാട് ഇത്രയും വളര്‍ന്നതിന് പിന്നില്‍ അറബ് ഭരണാധികാരികളുടെ മനസും ഇവരുടെ നന്മയുമാണെന്ന് പ്രവാസികള്‍ നന്ദിയോടെ ഓര്‍ക്കേണ്ട കാലം. ഈ നാട്ടിലേക്ക് വന്നവരെ മുഴുവന്‍ കൈനീട്ടി സ്വീകരിച്ച് ജോലിയും കൂലിയും തന്ന് കൂടെ നിര്‍ത്തിയ പാരമ്പര്യമാണ് അറബ് ലോകത്തിനുള്ളത്. അതിനാല്‍ കേരളത്തെ വളര്‍ത്തിയതിന് പിന്നില്‍ ഈ ഭരണാധികാരികള്‍ക്കും വലിയ പങ്കുണ്ട്. ജാതിയും മതവും നിറവും നോക്കാതെ മലയാളികളെ ഇവര്‍ സ്വീകരിച്ചു. ഓരോ കുടുംബത്തിന്റെയും പട്ടിണി മാറിയപ്പോള്‍, കൊച്ചുകൂരകള്‍ക്ക് പകരം വലിയ വലിയ വീടുകള്‍
ഉയര്‍ന്നു. ഗ്രാമങ്ങള്‍ നഗരങ്ങളായി മാറി. ഈ മാറ്റത്തിലും വലിയൊരു പങ്ക് ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ്. ചില രാജ്യങ്ങള്‍ അവരുടെ സ്വന്തം പൗരന്മാരെ പോലും ആട്ടിയോടിക്കുകയാണ്. എന്നാല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ലോകത്തുള്ള മിക്ക രാജ്യക്കാരേയും പോറ്റി വളര്‍ത്തുന്നു. ഇതില്‍ യു.എ.ഇയില്‍ മാത്രം ഇരുന്നൂറിലധികം രാജ്യക്കാര്‍ താമസിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതിനാല്‍ നല്ല മനസ് ( ‘മൈന്റ് ഓഫ് മിഡില്‍ ഈസ്റ്റ്’ ) ആരും കാണാതെ പോകരുത്. ഇപ്രകാരം ഗള്‍ഫ് മലയാളികള്‍ വീട് നിര്‍മിച്ചത് ഗള്‍ഫ് പണം കൊണ്ടായിരുന്നില്ലേ. വാഹനം വാങ്ങിയത് ഗള്‍ഫ് പണം കൊണ്ടായിരുന്നില്ലേ. പഠിച്ചതും പഠിപ്പിച്ചതും ഇവര്‍ ഗള്‍ഫ് പണത്തിലായിരുന്നു. നല്ല മിഠായിയുടെയും നല്ല സുഗന്ധത്തിന്റെയും രുചി മലയാളി അറിഞ്ഞതും ഈ അറബ് നാട്ടില്‍ നിന്നായിരുന്നു. മക്കളെയും സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് അയച്ചതും ഈ പണത്തിലായിരുന്നുവെന്ന് നാം മറക്കരുത്. കേരള നാട്ടിലെ മിക്ക പള്ളികളുടെയും നിര്‍മാണത്തിന് പിന്നിലും ഈ ഗള്‍ഫ് പണത്തിന്റെ കനിവ് ഉണ്ടായിരുന്നു. അതിനാല്‍, ‘മലബാറികള്‍’ എന്ന് വിളിക്കുന്ന ഈ മലയാളികളുടെ ദുഃഖങ്ങള്‍, അറബ് നാടിനും സ്വന്തം ദുഃഖമാണ്. ഇപ്രകാരം ദുരന്തങ്ങളുടെ നേര്‍മുഖത്ത് മനുഷ്യത്വവും നല്ല മരുന്നാണെന്ന് മലയാളിയെ ഇവര്‍ ഓര്‍മിപ്പിച്ചു. അതിനാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മിഡില്‍ ഈസ്റ്റിന്റെ ഈ മനസിന്റെ വലിപ്പം കൂടിയിട്ടേയുള്ളൂ.
മാനുഷരെല്ലാം ഒന്നായ ഓണക്കാലം
മാവേലി നാട് വാണീടും കാലം, മാനുഷ്യരെല്ലാം ഒന്ന് പോലെ, എന്നാണ് പഴയ കഥ. ഒരിക്കലും സത്യമാകില്ലെന്ന് നാം കരുതിയ ആ പഴയ വാക്കുകള്‍, 2018 ലെ ഓണക്കാലത്ത് വലിയ സത്യമായി മാറി. കേരളത്തിലെ ജില്ലകളും ഉപജില്ലകളും മറന്ന് മനുഷ്യ ബന്ധങ്ങളും ഉപബന്ധങ്ങളും എല്ലാം ഒന്നായി തീര്‍ന്നു. പണവും ആരോപണവും ഇല്ലാതായി. പ്രായവും കോപ്രായവും എല്ലാം മറന്ന് എല്ലാവരും ഒന്നായി. പേരും പെരുമയും മറന്ന്, ജാതിയും മതവും രാഷ്ട്രീയവും മറന്ന്, പ്രവാസി മലയാളികള്‍ എല്ലാം, ഒരു പോലെ നിന്ന ഒരു ഓണക്കാലമായിരുന്നു ഇത്. വര്‍ഷങ്ങള്‍ കൊണ്ട് പ്രവാസികള്‍ വെട്ടിപ്പിടിച്ച പലതും നിമിഷങ്ങള്‍ കൊണ്ട് വെള്ളത്തിലായി. ഇതോടെ പ്രവാസി കുടുംബങ്ങളും പരസ്പരം കെട്ടിപിടിച്ച് സ്വന്തം നാടിനെ തിരികെ പിടിക്കാന്‍ ശ്രമിച്ചു. ഓണാഘോഷത്തിന്റെയും, ഓണക്കോടിയുടെയും ചെലവ് മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെച്ച ഓണക്കാലം. ഇത്തവണ ഓണവും ബലിപെരുന്നാളും ഒന്നിച്ചായിരുന്നു. അതിനാല്‍, ബലി പെരുനാളിന് വാങ്ങിയ പുത്തന്‍ വസ്ത്രം ദാനം നല്‍കിയും പ്രവാസി സമൂഹം ഇത്തവണ ഈദ് മുബാറക്ക് ആശംസകള്‍ നേര്‍ന്നു.
ഇത്തരത്തില്‍ പ്രവാസി മലയാളികളുടെ അധ്വാനത്തിന്റെ വിയര്‍പ്പു കൊണ്ട് ദുരിതാശ്വാസ പെട്ടി നിറഞ്ഞപ്പോള്‍, അവിടെ കേരളത്തില്‍, സ്വന്തം നാട്ടുകാരുടെ ഉള്ള് നിറഞ്ഞ ഓണക്കാലമായി ഇത് മാറി. വലിപ്പം കൊണ്ട് ചെറുതായി പോയ കേരളം മഹാപ്രളയത്തിലെ ഐക്യം കൊണ്ട് വലിയ മനസിന്റെ ഉടമകളായി. ഇപ്രകാരം ഈ ഓണക്കാലം വിശാല മനസുള്ളവരുടെ ഏറ്റവും വലിയ സംസ്ഥാനമായി കൊച്ചു കേരളത്തെ ഉയര്‍ത്തി. ഒന്നായി നിന്നപ്പോള്‍ നമ്മള് ഒന്നാമതായി. ഇനി നമ്മള് എന്നും ഒന്നാണ് എന്ന ഉറച്ച മനസുമായി വ്യത്യസ്തമാര്‍ന്ന ഒരു ഓണക്കാലം വിടവാങ്ങി. ഇതോടെ ഭൂപടത്തില്‍ ഏറ്റവും താഴെയുള്ള കേരളം അതിജീവനം കൊണ്ട് എല്ലാത്തിനും മേലെയായി. ഇനി എന്നും ഇതുപോലെ മലയാളികള്‍ തല ഉയര്‍ത്തി നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.