പ്രവാസി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന് 9 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തിന് മുന്നിൽ മുട്ട് മടക്കിയ റെയിൽവേ അധികൃതരും കേന്ദ്ര സർക്കാരും ഒടുവിൽ അന്ത്യോദയ എക്സ്പ്രസിന് കാസർകോടും സ്റ്റോപ്പ് അനുവദിച്ചു.
അന്ത്യോദയ എക്സ്പ്രസിനു കാസർകോട് സ്റ്റോപ്പ് അനുവദിക്കണമെന്ന് പല തവണ സാമൂഹിക രാഷ്ട്രീയ സംഘടനകൾ കേന്ദ്ര സർക്കാരിനോടും റയിൽവേയോടും ആവശ്യപെട്ടിട്ടും ഫലം കാണാത്തത്തിൽ സഹികെട്ടാണ് കഴിഞ്ഞ 9 ദിവസമായി റയിൽവേ സ്റ്റേഷന് പരിസരത്ത് നിരാഹാര സമരത്തിന് തുടക്കമിട്ടത്.
തുടക്കത്തിൽ 6 ദിവസം പ്രവാസി കോൺഗ്രസ് നേതാവ് ദേവരാജ് ഐങ്ങോത്ത് നിരാഹാരമിരുന്നെങ്കിലും അവശനായ അദ്ദേഹത്തെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ തളരാത്ത ആവേശവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വൽ നിരാഹാരമിരിക്കുകയായിരുന്നു.
അന്ത്യോദയയ്ക്ക് സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കാസർകോട് എം.എൽ എ എൻ.എ. നെല്ലിക്കുന്ന് ചങ്ങല വലിച്ച് ട്രെയിന് നിർത്തി വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചിരുന്നു.
ഇതിനിടയിൽ മുസ്ലീം ലീഗും ഡി.വൈ .എഫ്.ഐ യും പ്രതിഷേധ സമരം നടത്തിയിരുന്നു. എക്പ്രസിനു സ്റ്റോപ്പ് അനുവദിച്ച വാർത്ത വന്നതോടെ 9 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തിനൊടുവിൽ സമരക്കാർ റെയിൽവേ സ്റ്റേഷനിൽ ലഡു വിതരണം നടത്തി സന്തോഷം പങ്കുവെച്ചു