പിസി ജോര്‍ജിന് ജാമ്യം; ഇന്നു തന്നെ ഐസിയു വിടും

Jaihind News Bureau
Friday, February 28, 2025

മതവിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്‍ഡില്‍ തുടരുന്ന ബിജെപി നേതാവ് പി.സി.ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്നലെ വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാന്‍ഡിലായ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാര്‍ഡിയാക് ചികിത്സയില്‍ തുടരുകയാണ്.

മതവിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യ അപേക്ഷയിന്‍ മേലുള്ള വാദം ഇരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. കേസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായതിനാലും പിസി ജോര്‍ജിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചു ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദിച്ചു. .. എന്നാല്‍ പ്രതി ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നും ജാമ്യം നല്കിയാല്‍ തെറ്റായ സന്ദേശം സമൂഹത്തില്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഐസിയുവില്‍ കഴിയുകയാണ് പിസി ജോര്‍ജ്.. ഈ തിങ്കളാഴ്ചയാണ് പിസി ജോര്‍ജിനെ മതവിദ്വേഷപരാമര്‍ശ കേസില്‍ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്.. മാര്‍ച്ച് 10 വരെയാണ് റിമാന്‍ഡ് കാലാവധി.

ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല കോടതി പരിഗണിച്ചതെന്നാണ് മനസ്സിലാകുന്നത്. കേസിന്റെ അന്വേഷണം പൂര്‍ത്തിയായതായും കോടതി കണക്കിലെടുത്തിട്ടുണ്ട്. മതവിദ്വേഷ പരാമര്‍ശ കേസുമായി ബന്ധപ്പെട്ട് ചാനല്‍ അധികൃതരുടെ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് കോടതി പിസി ജോര്‍ജ് ഇന്ന് ജാമ്യം അനുവദിച്ചത്. അതേസമയം ജാമ്യം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും, വിദഗ്ധ ചികിത്സയ്ക്കായി പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നും മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. അതിനിടെ പിസി ജോര്‍ജിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. സംഭവത്തിന് പിന്നാലെ വലിയ വിമര്‍ശനം ഉയര്‍ന്നു. മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതി നല്‍കി. പൊലീസ് കേസെടുത്തതോടെ പിസി ജോര്‍ജ്ജ് മുന്‍കൂര്‍ ജാമ്യത്തിനായി നെട്ടോട്ടമായി. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതി വിധിക്കു പിന്നാലെ പോലീസ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിയും ആരംഭിച്ചു. പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ രണ്ടുദിവസത്തെ സാവകാശം വേണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടെങ്കിലു പൊതുവേദികളിലൊന്നും എത്തിയില്ല.

എന്നാല്‍ തിങ്കളാഴ്ച പോലീസ് ജോര്‍ജ്ജിനെ അന്വേഷിച്ച് പൂഞ്ഞാറിലെ വസതിയിലെത്തിയെങ്കിലും അവിടെ ഇല്ലായിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട കോടതിയില്‍ എത്തി കീഴടങ്ങുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോള്‍ പി.സി ജോര്‍ജിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ട് അടക്കം പൊലീസ് സമര്‍പ്പിച്ചു. ഇതേതുടര്‍ന്ന് ജോര്‍ജ്ജിന്റെ പ്രതീക്ഷ തെറ്റിച്ച് ഈരാറ്റുപേട്ട കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുകയാണ് ചെയ്തത് .വൈകിട്ട് ആറുമണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടതിന് തൊട്ടു പിന്നാലെയാണ് മാര്‍ച്ച് 10 വരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവായത്