മലയാളിയായ ഏഷ്യൻ പഞ്ചഗുസ്തി വനിതാ താരം ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സുമനസുകളുടെ സഹായം തേടുന്നു. വടകര സ്വദേശിനി മജീസിയ ബാനുവാണ് ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി സാമ്പത്തിക സഹായം അഭ്യർഥിക്കുന്നത്. ഹിജാബ് ധരിച്ച് പവർലിഫ്റ്റിംഗിൽ ഉൾപ്പടെ മജീസിയ നടത്തിയ പ്രകടനം നേരത്തെ ലോകശ്രദ്ധ നേടിയിരുന്നു.
വടകര ഓർക്കാട്ടേരി സ്വദേശിനി മജീസിയ ബാനുവിന് മൽസരത്തിലെ എതിരാളികളേക്കാൾ എന്നും പ്രശ്നമാകുന്നത് സാമ്പത്തിക ബുദ്ധിമുട്ടാണ്. പവർലിഫ്റ്റിംങ്ങിലും, പഞ്ചഗുസ്തിയിലും എതിരാളികളെ നിഷ്പ്രയാസം പരാജയപ്പെടുത്താനുള്ള ശാരീരിക ക്ഷമത തനിക്കുണ്ടെന്ന് മജീസിയ നിരവധി അവസരങ്ങളിൽ തെളിയിച്ചിട്ടുണ്ട്. എന്നാൽ മത്സരവേദികളിലേക്കെത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഈ കായികതാരത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ സീനിയർ 52 കിലോ വിഭാഗത്തിൽ പങ്കെടുക്കാൻ രണ്ട് ലക്ഷം രൂപ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഈ താരം. പത്തിനകം തുക അടച്ചില്ലെങ്കിൽ അവസരം നഷ്ടപ്പെടും.
https://www.youtube.com/watch?v=kBrrZBF6dm8
ബോക്സിംഗിൽ തുടക്കമിട്ടെങ്കിലും, പരീശീലകന്റെ നിർദേശപ്രകാരം പിന്നീട് പവർ ലിഫ്റ്റിംഗിലേക്ക് മജീസിയ ബാനു മാറി. ഹിജാബ് ധരിച്ച് ലോകത്താദ്യമായി പവർലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുത്തതോടെ ലോകശ്രദ്ധയാകർഷിക്കാൻ ഈ 24കാരിക്ക് സാധിച്ചു. 2017ലെ ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെളളിമെഡൽ നേടി. മേയിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഉൾപ്പടെ നിരവധി ദേശീയ സംസ്ഥാന മൽസരങ്ങളിൽ സ്വർണമെഡൽ ലഭിച്ചു.
നേട്ടങ്ങൾ നിരവധിയുണ്ടെങ്കിലും, ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള മജീസിയ ബാനുവിന്റെ സഹായഭ്യർഥന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. പഞ്ചഗുസ്തി-പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ ലോകകിരീടമാണ് ബി.ഡി.എസ് മൂന്നാം വർഷ വിദ്യാർഥിനിയായ മജീസിയയുടെ സ്വപ്നം.