സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തങ്ങളുടെ പുതിയ മോഡലായ ബര്‍ഗ് മാന്‍ 125 സി.സി സ്കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. 5000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. 68,000 ത്തിനും 70,000ത്തിനും ഇടയിലായിരിക്കും ബര്‍ഗ് മാന്റെ ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. അടുത്ത മാസം സ്കൂട്ടര്‍ വിപണിയിലെത്തിയേക്കും.
100- 125-150 സിസി ശ്രേണിയിലുള്ള നിരവധി മോഡലുകളോട് മത്സരിക്കാനായാണ് ബര്‍ഗ് മാന്‍ 125നെ അവതരിപ്പിക്കുന്നതെന്നതിനാല്‍ പെര്‍ഫോമന്‍സില്‍ വിട്ടുവീഴ്ചയ്ക്ക് കമ്പനി തയാറാവില്ലെന്നത് ഉറപ്പാണ്.
സുസുക്കി ആക്സസിന്റെ എന്‍ജിനാവും ബര്‍ഗ് മാനിലും ഉപയോഗിക്കുന്നത്.
124 സി.സി സിംഗിള്‍ സിലിണ്ടര്‍, 6,500 rpm ല്‍ 8.5 bhp കരുത്ത് പകരുന്ന എന്ജിന്, 5,000 rpm ല്‍ 10.2 Nm ടോര്‍ക്ക് പ്രദാനം ചെയ്യുന്നതാണ്. മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ബര്‍ഗ് മാന്‍. സസ്പെന്‍ഷനും ബ്രേക്കിംഗ് സിസ്റ്റവും ആക്സസിലേതു പോലെ തന്നെയാണ്.
സ്റ്റൈലിഷ് ലുക്ക് ആണ് ബെര്‍ഗ് മാനെ 125 ശ്രേണിയില്‍ വ്യത്യസ്തനാക്കുന്നത്. നീളം കൂടിയതാണ് സീറ്റിംഗ് സംവിധാനം. മനോഹരമായി വിന്യസിച്ചിരിക്കുന്ന എല്‍.ഇ.ഡി ലൈറ്റുകളും ബെര്‍ഗ് മാനെ കൂടുതല്‍ ആകർഷകമാക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനലും സംതൃപ്തി നല്കുന്ന സ്റ്റോറേജ് സ്പേസും സ്കൂട്ടറിനുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ 125 സി.സി ശ്രേണിയിലെ മറ്റ് മോഡലുകള്‍ക്ക് ബെര്‍ഗ് മാന്‍ ശക്തനായ എതിരാളിയാകുമെന്നതില് സംശയമില്ല.