സര്‍വകലാശാലകള്‍ ബാങ്കുകളില്‍ സൂക്ഷിച്ചിരുന്ന പണം ധനവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ട്രഷറിയിലേക്ക് മാറ്റി. 1769 കോടി രൂപയാണ് കേരളത്തിലെ 7 സര്‍വകലാശാലകള്‍ ബാങ്കുകളില്‍ നിന്ന് ട്രഷറിയിലേക്ക് മാറ്റിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് പണം നല്കാന് സര്‍ക്കാര്‍ പാടുപെടുന്നതിനിടെയാണ് ധനവകുപ്പിന്റെ നീക്കം. ഇതിനിടെ പെന്ഷന് വിതരണത്തിന് സര്‍വകലാശാലകള്‍ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്ന നിര്‍ദേശവും ധനവകുപ്പ് നല്‍കിയിട്ടുണ്ട്. ധനവകുപ്പ് കണ്ണുരുട്ടിയതോടെ ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണം ട്രഷറിയിലേക്ക് മാറ്റിയതോടെ പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്കയിലാണ് സര്‍വകലാശാലകള്‍
എന്നെങ്കിലും സര്‍ക്കാര്‍ ഫണ്ട് നിലച്ചാല്‍ പിടിച്ചു നില്‍ക്കാമെന്ന് കരുതി സര്‍വകലാശാലകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന പണമാണ് ഇപ്പോള്‍ ട്രഷറിയിലേക്ക് മാറ്റേണ്ടി വന്നത്. സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരുന്ന പണമാണ് ധനവകുപ്പ് കണ്ണുരുട്ടിയതിനെ തുടര്‍ന്ന് സര്‍വകലാശാലകള്‍ക്ക് ട്രഷറിയിലേക്ക് മാറ്റേണ്ടി വന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്‍ഡ് അടക്കമുള്ളവ തടയുമെന്ന ധനവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍വകലാശാലകള്‍ക്ക് പണം മാറ്റി നിക്ഷേപിച്ചത്. 1796 കോടിയാണ് 7 സര്‍വകലാശാലകള്‍ ട്രഷറിയിലേക്ക് മാറ്റിയത്. കേരള സര്‍വകലാശാല 965.37 കോടി, കാലിക്കറ്റ് സര്‍വകലാശാല 408.16 കോടി, കുസാറ്റ് 190.61 കോടി, കണ്ണൂര്‍ 184. 50 കോടി, ശ്രീനാരായണ യൂണിവേഴ്സിറ്റി 10 കോടി, കാലടി 5.82 കോടി, മലയാളം സര്‍വകലാശാല 4.62 കോടി എന്നിങ്ങനെയാണ് ട്രഷറിയിലേക്ക് മാറ്റിയത്.
സാമ്പത്തിക വര്‍ഷം തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ പാസാക്കുന്ന ബില്ലുകള്‍ക്ക് പണം നല്കാന് സര്‍ക്കാര്‍ പാടുപെടുന്നതിനിടെയാണ് ധനവകുപ്പിന്റെ നീക്കം. മാസാവസാനത്തെ ചെലവുകള്‍ക്കായി സര്‍ക്കാരിന് 30,000 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് കണക്കു കൂട്ടല്‍. ഈ പണം സ്വരൂപിക്കുന്നതിനായാണ് സര്‍വകലാശാലകളോട് പണം ട്രഷറിയിലേക്ക് മാറ്റാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പണം ട്രഷറിയിലേക്ക് മാറ്റാന്‍ പല സര്‍വകലാശാലകളും തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഗ്രാന്റും ഫണ്ടും വെട്ടിക്കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ഭീഷണി മുഴക്കി. തുടര്‍ന്നായിരുന്നു സര്‍വകലാശാലകള്‍ വഴങ്ങിയത്.
ഇനിയും ഫണ്ട് കൈമാറാത്ത സ്ഥാപനങ്ങളോടും ധനവകുപ്പ് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സര്‍വകലാശാലകളില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് സര്‍ക്കാരാണ് പെന്ഷന് നല്‍കിയിരുന്നത്. ഇനി മുതല്‍ പെന്ഷന് വിതരണത്തിന് സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്ന നിര്‍ദേശവും സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ബാങ്കില്‍ നിന്ന് ലഭിക്കുന്ന പലിശ ട്രഷറിയില്‍ നിന്ന് കിട്ടുമല്ലോ എന്ന ന്യായം ധനവകുപ്പ് പറയുന്നുണ്ടെങ്കിലും കടുത്ത ധനപ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നു പോകുന്ന സാഹചര്യത്തില്‍ ട്രഷറിയില്‍ നിന്ന് പലിശ കിട്ടുമോ എന്ന ആശങ്കയിലാണ് സര്‍വകലാശാലകള്‍. പണം ബാങ്കില്‍ നിന്ന് ട്രഷറിയിലേക്ക് മാറ്റിച്ച സര്‍ക്കാരിന്റെ നീക്കം സര്‍വകലാശാലകളെ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവെക്കുന്നത്.